യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസ്.നെ പോലീസ് സ്റ്റേഷനിൽ വച്ച് അതിക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്.ഐ നുഹ്മാന്റെ മലപ്പുറത്തെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ലാത്തിച്ചാർജിൽ നിരവധിപേർക്ക് പരിക്കുപറ്റി. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നേതാക്കളേയും പ്രവർത്തകരേയും കെ പി സി സി – വർക്കിംഗ് പ്രസിഡന്റ് എ പി അനിൽകുമാർ സന്ദർശിച്ചു.
തൃശൂർ ∙ ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് വി.എസ്. സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽവച്ച് അകാരണമായി മർദിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എസ്.ഐ. നുഹ്മാൻ്റെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം ഉണ്ടായി. പ്രകടനം വീടിന് സമീപം പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളും നടന്നു. ഇതിന് പിന്നാലെ പോലീസ് ലാത്തി വീശി.
നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയും പ്രതിഷേധം ധർണ്ണയായി തുടരുകയും ചെയ്തു. ഡി.സി.സി. പ്രസിഡൻറ് വി.എസ്. ജോയ് ധർണ്ണ ഉദ്ഘാടനം ചെയ്തു. അകാരണമായി പ്രവർത്തകരെ മർദിച്ചാൽ പോലീസ് സ്റ്റേഷനിലേക്കല്ല ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാർച്ച് നടത്തുമെന്നും – മർദ്ദിച്ച ഉദ്യോഗസ്ഥരെ സർവീസിൽ പുറത്താക്കണമെന്നും വി എസ് ജോയ് ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കി, സംസ്ഥാന സെക്രട്ടറി ജാസീർ പള്ളിവയൽ, ജില്ലാ പ്രസിഡൻറ് ഹാരിസ് മുതൂർ എന്നിവർ മാർച്ചിന് തൃത്വം നൽകി. അതിനിടെ ലാത്തിച്ചാർജിൽ പരുക്കേറ്റ ഹാരിസ് മുതൂർ ഉൾപ്പടെയുള്ള നേതാക്കളേയും പ്രവർത്തകരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ കെ പി സി സി – വർക്കിംഗ് പ്രസിഡന്റ് എ പി അനിൽകുമാർ സന്ദർശിച്ചു.