കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്ധന നികുതി കൊള്ളക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ ‘ടാക്സ് പേബാക്ക്’ സമരം ഇന്ന്

Jaihind Webdesk
Thursday, June 10, 2021

തിരുവനന്തപുരം : കൊവിഡ് മഹാമാരിയില്‍ വലയുന്ന ജനങ്ങളെ ഇന്ധനവിലവര്‍ധനവിലൂടെ കൂടുതല്‍ ദുരിതത്തിലാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ഭീകരതക്കെതിരെ ടാക്സ് പേബാക്ക് സമരവുമായി യൂത്ത് കോണ്‍ഗ്രസ്. ഇന്ന് സംസ്ഥാനത്തെ 1000 പമ്പുകളിലായി 5000 പേര്‍ക്ക് നികുതി തിരികെ നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രവും സംസ്ഥാനവും ഈടാക്കുന്ന നികുതി 5000 പേര്‍ക്ക് തിരികെ നല്‍കും.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നാലിരട്ടിയോളമാണ് പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ വര്‍ധിപ്പിച്ചത്. സംസ്ഥാനമാകട്ടെ അമിത നികുതിയും ഈടാക്കി ജനത്തെ കൊള്ളയടിക്കുന്നു. 100 രൂപയുടെ പെട്രോള്‍ വാങ്ങുമ്പോള്‍ 60 രൂപയോളമാണ് കേന്ദ്ര-സംസ്ഥാന നികുതിയിനത്തില്‍ ഒരാള്‍ നല്‍കേണ്ടിവരുന്നത്. കൂടുതല്‍ നികുതി ചുമത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമാണ് മുന്നില്‍. മുമ്പ്  ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇന്ധന വില കൂടിയപ്പോൾ കേരളത്തിന്‌ ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്ന് വെച്ചിരുന്നു. എന്നാല്‍ കൊവിഡ് ദുരിതകാലത്തുപോലും പിണറായി സര്‍ക്കാര്‍ ഇതിന് തയാറാകുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊള്ളയ്ക്കെതിരെ ഇന്ന് വൈകിട്ട് 4 മണിക്കാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ടാക്സ് പേബാക്ക് സമരം.