തീർത്ഥാടകർക്ക് ഒരുകൈത്താങ്ങ് പദ്ധതിയുമായി യൂത്ത് കോൺഗ്രസ്; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Friday, December 16, 2022

 

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ ഗുരുതരമായ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ടെന്നും ഇക്കാര്യങ്ങൾ അടിയന്തരമായി പരിഹരിക്കാൻ സർക്കാർ തയാറാകണമെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ എത്തുന്ന അയ്യപ്പഭക്തന്മാർക്ക് സഹായം ഒരുക്കുന്നതിനായി ആരംഭിച്ച ഹെൽപ്പ് ഡെസ്ക്കിന്‍റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീർത്ഥാടന കാലം കഴിയുന്നത് വരെ 24 മണിക്കൂറും ഹെൽപ് ഡെസ്ക്കിന്‍റെ സൗജന്യ സേവനം ഉണ്ടായിരിക്കുമെന്നും, അയ്യപ്പഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിംഗ് ചെയ്യാനുള്ള സംവിധാനം ഇന്നു മുതൽ ആരംഭിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ട അറിയിച്ചു.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് വിഷ്ണു ആർ പിള്ള അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ, വൈസ് പ്രസിഡന്‍റ് വെട്ടൂർ ജ്യോതി പ്രസാദ്, എ സുരേഷ് കുമാർ, അനിൽ തോമസ്, കെ ജാസിംകുട്ടി, അബ്ദുൽ കലാം ആസാദ്, കെ ജയവർമ്മ, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ട, ജില്ലാ പ്രസിഡന്‍റ് എം.ജി കണ്ണൻ, എം.എ സിദ്ദിഖ്, തട്ടയിൽ ഹരികുമാർ, തൗഫീക്ക് രാജൻ, ഷമീർ തടത്തിൽ, മനു തയ്യിൽ, അജിത് മണ്ണിൽ, ദിലീപ്കുമാർ, റെനീസ് മുഹമ്മദ്, പി.ജി അസ്‌ലം, കെ അനൂപ്, കാർത്തിക് മുരിങ്ങമംഗലം, അഖിൽ സന്തോഷ്, അംബരീഷ് തട്ട, ജിബിൻ ചിറക്കടവിൽ, ആൽബിൻ ഷാജി, ആര്യ മുടവിനാൽ എന്നിവർ പ്രസംഗിച്ചു.