കോഴിക്കോട്: കെഎസ്ഇബി ഫ്യൂസ് ഊരാൻ തുടങ്ങിയാൽ തങ്ങളും ഫ്യൂസ് ഊരാൻ തുടങ്ങുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ. ഭീഷണിയല്ല നാടിന്‍റെ ഗതികേടാണിതെന്നും കുടിശികയുള്ള വൻകിടക്കാരുടെ ഫ്യൂസ് ഊരുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. കെഎസ്ഇബിയുടെ നടപടിയെ മന്ത്രി ന്യായീകരിക്കുകയാണെന്നും നിയമസഭ തല്ലിപ്പൊളിച്ച ശിവൻകുട്ടിക്കെതിരെ നടപടി എടുക്കുമോയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. ഇതിനിടെ യു.സി. റസാഖിന്‍റെ വീട്ടിലെ വൈദ്യുതി ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു.
തിരുവമ്പാടിയിൽവൈദ്യുതി വിച്ഛേദിച്ച നടപടിയില്‍ കെഎസ്ഇബിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനം. ഇന്ന് തിരുവമ്പാടി കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടായി. റാന്തലുകളുമായിട്ടായിരുന്നു പ്രതിഷേധ മാർച്ച്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അജ്‌മലിന്‍റെ പിതാവ് യു.സി. റസാഖിന്‍റെ വീടിന് സമീപത്തു നിന്നാണ് മാർച്ച് ആരംഭിച്ചത്.
ഇതിനിടെ അജ്മലിന്‍റെ മാതാവിന്‍റെ പരാതിയിൽ കെഎസ്ഇബി ജീവനക്കാർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. ലൈൻമാൻ പ്രശാന്ത്, അനന്ദു എന്നിവർക്കെതിരെ തിരുവമ്പാടി പോലീസാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 126 ( 2 ), 115 ( 2 ), 74 , 296 ( b ) , 3 (5) വകുപ്പുകൾ അന്യായമായി തടഞ്ഞുവെക്കൽ, മനഃപൂർവം പരുക്കേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയൽ, സംഘം ചേരൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്.