രാഹുലിന്‍റെ അറസ്റ്റില്‍ സംസ്ഥാന വ്യാപക പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, January 9, 2024

 

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലർച്ചെ വീടുകയറി അറസ്റ്റ് ചെയ്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തം. സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ഭീകരവാദിയോട് എന്ന പോലെയാണ് പൊലീസ് രാഹുലിനോട് പെരുമാറിയതെന്നും വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. വീടുകയറിയുള്ള അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല പ്രതികരിച്ചു.

പത്തനംതിട്ട അടൂരിലെ വീട്ടിൽ നിന്നാണ് പുലർച്ചെ കന്‍റോൺമെന്‍റ് പോലീസ് രാഹുലിനെ അറസ്‌റ്റ് ചെയ്തത്. പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു. കഴിഞ്ഞമാസം 20ന് നടന്ന യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്. നവകേരള സദസിന്‍റെ പേരിൽ ഡിവൈഎഫ്ഐയും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ഉള്‍പ്പെടെയുള്ള സംഘം നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്. അതേസമയം ക്രൂരമായ അക്രമം അഴിച്ചുവിട്ട ഡിവൈഎഫ്ഐ ഗുണ്ടാ സംഘങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.