ജനദ്രോഹ ബജറ്റിനെതിരെ നിയമസഭാ മാർച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ്; പോലീസ് മർദ്ദനത്തില്‍ നിരവധി പ്രവർത്തകർക്ക് പരിക്ക്

Jaihind Webdesk
Monday, February 6, 2023

തിരുവനന്തപുരം: സർക്കാരിന്‍റെ ജനവിരുദ്ധ ബജറ്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്നിയമസഭയിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. പോലീസ് മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലിന്‍റെ കണ്ണിന് സാരമായ പരിക്കേറ്റു. പോലീസ് പ്രവർത്തകരെ വലിച്ചിഴച്ചും ബലം പ്രയോഗിച്ചും അറസ്റ്റ് ചെയ്തു നീക്കി.

സർക്കാരിന്‍റെ ജനവിരുദ്ധ ബജറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പാളയം രക്തസാക്ഷിയെ മണ്ഡപത്തിൽ നിന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിയമസഭയിലേക്ക് മാർച്ച് നടത്തിയത്. ഇരുചക്ര വാഹനത്തിന് ഉൾപ്പെടെ വാഹനനികുതി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ മോട്ടോർ സൈക്കിൾ കത്തിച്ച് പ്രതിഷേധിച്ചു. തുടർന്ന് മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സർക്കാർ ജനവിരുദ്ധനയം പിൻവലിക്കാന്‍ തയാറായില്ലെങ്കിൽ അതിശക്തമായ സമരം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉദ്ഘാടനത്തിന് ശേഷം പ്രവർത്തകർ കത്തിച്ച മോട്ടോർസൈക്കിൾ ബാരിക്കേഡിന് മുകളിലേക്ക് ഉയർത്തി കയറ്റി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ പോലീസ് പല കുറി ജലപീരങ്കി പ്രയോഗിക്കുകയും പ്രവർത്തകർക്ക് നേരേ ബലപ്രയോഗം നടത്തുകയും ചെയ്തു. പോലീസ് മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിലിന്‍റെ കണ്ണിന് സാരമായ പരിക്കേറ്റു. മറ്റ് നിരവധി പ്രവർത്തകർക്കും പരിക്കേറ്റു.

തുടർന്ന് പ്രവർത്തകർ പാളയത്തിന് സമീപം റോഡ് ഉപരോധിച്ചു. സമരക്കാരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത് സംഘർഷത്തിന് ഇടയാക്കി. പ്രവർത്തകരെ പോലീസ് വലിച്ചിഴച്ചും മർദ്ദിച്ചും അറസ്റ്റ് ചെയ്തത് പല കുറി പ്രതിഷേധത്തിനിടയാക്കി. സർക്കാരിന്‍റെ ജനവിരുദ്ധ ബജറ്റിനെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരും.