തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരായ ബിജെപിയുടെ പ്രതികാര നടപടിക്കെതിരെ തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് ട്രെയിന്‍ തടഞ്ഞത്. രാജധാനി എക്സ്പ്രസ്, ചെന്നൈ മെയില്‍ എന്നിവ തടഞ്ഞതിന് പിന്നാലെ ഷാഫി പറമ്പില്‍ അടക്കം 10 പേരെ അറസ്റ്റ് ചെയ്തു.
റെയില്‍വേ ട്രാക്കില്‍ കിടന്ന് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിന്തിരിപ്പിക്കാന് പോലീസ് ശ്രമിച്ചെങ്കിലും നേതാക്കളും പ്രവര്‍ത്തകരും കൂട്ടാക്കിയില്ല. രാജ്യത്തെ ജനാധിപത്യ മര്യാദകളേയും നിയമവ്യവസ്ഥയേയും ആര്‍എസ്എസ് കളിപ്പാട്ടമാക്കിയതിന്റെ തെളിവാണ് ഇന്ന് രാജ്യത്ത് കാണുന്നതെന്ന് ഷാഫി പറമ്പില്‍പറഞ്ഞു. ഒരു രൂപയുടെ സാമ്പത്തിക ഇടപാടുപോലുമില്ലാത്ത കേസിലാണ് ഇ.ഡിയുടെ ചോദ്യംചെയ്യല്‍ നാടകമെന്നും കോണ്‍ഗ്രസിനോടുള്ള പകയാണ് ഇതിന് പിന്നിലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
“ബിജെപിയുടെ നേതാക്കളുമായി ബന്ധപ്പെട്ട കേസുകളാണെങ്കില്‍ ഇ.ഡിക്ക് ചോദ്യം ചെയ്യലും അറസ്റ്റും ഒന്നും തന്നെയില്ല. കോണ്‍ഗ്രസ് അല്ലാതെ മറ്റേതൊരു കക്ഷിയുമായി ബന്ധപ്പെട്ട കേസാണെങ്കിലും ഇതാണ് നിലപാടെന്ന് കേരളത്തില്‍ നടന്ന സംഭവങ്ങള്‍ നോക്കിയാല്‍ മനസിലാകും. ആര്‍എസ്എസിന്റെ പോഷക സംഘടനയാണ് ഇ.ഡി. ബിജെപിയും ആര്‍എസ്എസും ഇ.ഡിയും ഇപ്പോള്‍ തൊട്ടിരിക്കുന്നത് തീക്കൊള്ളിയിലാണ്. അതിന്റെ ഫലം അവര്‍ അനുഭവിക്കേണ്ടി വരും” – ഷാഫി പറമ്പില്‍ പറഞ്ഞു.
സോണിയാ ഗാന്ധിക്കെതിരായ ഇ.ഡി നടപടിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചു. സംസ്ഥാനത്ത് ജില്ലാ കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാജ്ഭവന് മാർച്ചിലും പ്രതിഷേധം ഇരമ്പി.