യൂത്ത് കോണ്‍ഗ്രസ് മാർച്ചില്‍ പൊലീസിന്‍റെ കിരാതവാഴ്ച ; ലാത്തിച്ചാർജ്ജും ഗ്രനേഡ് പ്രയോഗവും ; ഷാഫി പറമ്പിലിനും കെ.എസ് ശബരീനാഥനും പരിക്ക് | VIDEO

Jaihind News Bureau
Tuesday, September 15, 2020

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് നരനായാട്ട്. പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ, ഉപാധ്യക്ഷന്മാരായ കെ.എസ് ശബരീനാഥന്‍ എംഎല്‍എ, എന്‍.എസ് നുസൂര്‍ എന്നിവര്‍ക്കും നിരവധി പ്രവർത്തകർക്കും പരിക്കേറ്റു.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നു. മലപ്പുറത്ത് കെ.എസ്.യു പ്രവർത്തകർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കോഴിക്കോട് കലക്ടറേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകർ കോഴിക്കോട് വയനാട് റോഡ് ഉപരോധിച്ചു. തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിചാർജ്ജ് നടത്തി.  ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.

കണ്ണൂർ കലക്ടറേറ്റിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിലും സംഘർഷം ഉണ്ടായി. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏറെ നേരം കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകർ കാൾടെക്സിൽ റോഡ് ഉപരോധിച്ചു. സമരക്കാർ പിരിഞ്ഞു പോകാത്തതിനെ തുടർന്ന് പൊലീസ് ലാത്തി വീശി.