
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ‘സമരകാഹളം’ ഇന്ന് കോഴിക്കോട് നടക്കും. ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെയും, ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ആരോപണവിധേയരായ സംസ്ഥാന സർക്കാരിനെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തുകയാണ് സമരത്തിന്റെ ലക്ഷ്യം. വൈകുന്നേരം 3 മണിക്ക് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ വെച്ചാണ് പരിപാടി നടക്കുന്നത്.
യുവജനറാലിയും പൊതുയോഗവും എഐസിസി സെക്രട്ടറി ബി.വി. ശ്രീനിവാസ് ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.കെ. രാഘവൻ എംപി, കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി, ടി. സിദ്ദിഖ് എംഎൽഎ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ, സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ദേശീയ സെക്രട്ടറിമാരായ അബിൻ വർക്കി, കെ.എം. അഭിജിത്ത് എന്നിവരും സമരത്തിന് നേതൃത്വം നൽകും.