തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ സംശയത്തിന്‍റെ നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിനു മുന്നിൽ പ്രൊട്ടസ്റ്റ് സ്ക്വയർ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി അഴിമതിയുടെ ബാറ്റണുമായി അവസാന ലാപ്പിൽ ഓടുകയാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
കള്ളക്കടത്തുകാരുമായും സ്വപ്ന സുരേഷുമായി സാമ്പത്തിക ശരീരിക സാമൂഹിക അകലം പാലിച്ചിരുന്നങ്കിൽ യൂത്ത് കോൺഗ്രസിന് സമരം ചെയ്യേണ്ടി വരില്ലായിരുന്നു. എൻ.ഐ.എ കേസെടുത്ത സാഹചര്യം യുഡിഎഫ് ഭരണത്തിലായിരുന്നെങ്കിൽ ഡിവൈഎഫ്ഐക്കാർ കേരളത്തിൽ കലാപം നടത്തുമായിരുന്നു. കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ട് നിൽക്കുമ്പോൾ പ്രതിഷേധം പാടില്ല എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ യൂത്ത് കോൺഗ്രസിന് കഴിയില്ലെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.
ജനങ്ങളെ ചൂഷണം ചെയ്ത് രാജ്യദ്രോഹ പ്രവർത്തനം നടക്കുമ്പോൾ മിണ്ടാതിരിക്കാൻ യൂത്ത് കോൺഗ്രസിനാവില്ല. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പത്ത് ഉണ്ടായിട്ടും പിടികൂടാൻ കഴിയാത്തത് അഭ്യന്തര വകുപ്പിൻ്റെ പരാജയമാണ്. കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് പുറത്ത് വരണമെങ്കിൽ എൻ.ഐ.ക്ക് ഒപ്പം കേസ് സി.ബി.ഐ കൂടി കേസ് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പി.എസ്.സി നോക്ക് കുത്തിയായി പിൻവാതിൽ നിയമനം തകൃതിയായി നടക്കുന്ന വാർത്തകൾ മാധ്യമങ്ങൾ പുറത്ത് കൊണ്ടുവരുകയാണ്.
കൊവിഡ് കാലം കൊള്ളക്കാലമാക്കി മാറ്റുകയാണ് സർക്കാറെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. അൻവർ സാദത്ത് എം.എൽ.എ കെ.പി.സി.സി ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ് യൂത്ത് കോൺഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി, ടിറ്റോ ആൻറണി, ശോഭ സുബിൻ തുടങ്ങിയവർ സംസാരിച്ചു.