ജലീലിന്‍റെ രാജി; യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പൊലീസ് നരനായാട്ട്; ലാത്തിച്ചാർജ്ജില്‍ നിരവധി പ്രവർത്തകർക്ക് പരിക്ക്

Jaihind News Bureau
Friday, September 11, 2020

 

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്‍റെ രാജിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിനു നേരെ പൊലീസ് അതിക്രമം.  മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാർജ്ജില്‍ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട് കെ.എസ്.യു പ്രവർത്തകർ റോഡ് ഉപരോധിച്ചു.

ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തതിനു പിന്നാലെ വ്യാപക പ്രതിഷേധവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ധാര്‍മ്മികതയുണ്ടെങ്കില്‍ മന്ത്രി കെ.ടി ജലീല്‍ രാജിവെച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലയിൽ മുണ്ടിട്ടാണ് മന്ത്രി ചോദ്യംചെയ്യലിന് പോയത്. സംസ്ഥാന ചരിത്രത്തില്‍ ഒരു മന്ത്രിയേയും കേന്ദ്രഏജന്‍സി ചോദ്യം ചെയ്തിട്ടില്ല. മുഖ്യമന്ത്രി എത്രനാൾ ജലീലിനെ സംരക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു. മാർക്ക് ദാന വിവാദം വന്നപ്പോഴും മുഖ്യമന്ത്രി ജലീലിനെ ന്യായീകരിച്ചു. എത്രയും വേഗം മന്ത്രിസ്ഥാനം രാജിവെച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ധാര്‍മികത അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ മന്ത്രി കെ.ടി.ജലീലിന്‍റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. ആരോപണങ്ങളുടെ സഹയാത്രികനാണ് ജലീല്‍. ഇവിടെ നടക്കുന്ന എല്ലാ അഴിമതിയുടേയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണ്. കെ.ടി ജലീല്‍ ചെറിയ മത്സ്യം മാത്രമാണെന്നും മുഖ്യമന്ത്രിയാണ് വലിയ സ്രാവെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരള ചരിത്രത്തിലാദ്യമാണ് കേന്ദ്ര ഏജന്‍സികള്‍ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത്. എല്ലാ അഴിമതിക്കും മുഖ്യമന്ത്രി കുടപിടിക്കുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ മകനെ കഴിഞ്ഞ ദിവസം മയക്കുമരുന്ന് ലോബിയുമായും സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവുമായും ഹവാല ഇടപട് തുടങ്ങിയവയുമായും ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ മകനേയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും സംരക്ഷിക്കാന്‍ അണിയറ നീക്കം നടക്കുന്നു. യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ പൊട്ടിത്തെറിയുടെ വക്കിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊച്ചിയിലെ ഓഫീസില്‍ രാവിലെയായിരുന്നു ജലീലിന്‍റെ ചോദ്യംചെയ്യല്‍. എന്‍ഫോഴ്‌സ്‌മെന്‍റ് മേധാവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാവിലെ മുതല്‍ ഉച്ചവരെ ചോദ്യം ചെയ്തതെന്നാണ് സ്ഥിരീകരണം. യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, നയതന്ത്രമാര്‍ഗത്തില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത് തുടങ്ങിയവയാണ് ജലീലിനോട് ഇ.ഡി ചോദിച്ചറിഞ്ഞത്. ഔദ്യോഗിക വാഹനം ഉപയോഗിക്കാതെ സ്വകാര്യ വാഹനത്തിലാണ് മന്ത്രി ഇ.ഡി ഓഫിസിലെത്തിയത്. ഉച്ചയോടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി മന്ത്രി മലപ്പുറത്തേക്ക് പോയി.