നിരാഹാരസമരം അവസാനിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ; ശക്തമായ സമരപരിപാടികളുമായി മുന്നോട്ട്

Jaihind News Bureau
Monday, March 1, 2021

 

പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. രണ്ടാംഘട്ടമായി സമരം ഏറ്റെടുത്ത യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷന്മാരെ ആശുപത്രിയിലേക്ക് മാറ്റി.

പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലും സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥനും ഒൻപതാം ദിവസം നിരാഹാര സമരം അവസാനിപ്പിച്ചപ്പോൾ,യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റുമാർ രണ്ടാംഘട്ട നിരാഹാര സമരം ഏറ്റെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ തുടങ്ങിയ നേതാക്കൾ സമരപ്പന്തലിൽ എത്തി യൂത്ത് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയാണ് സമരം അവസാനിപ്പിച്ചത്.

സി.പി.ഒ ഉദ്യോഗാർത്ഥികൾ സമരം അവസാനിപ്പിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ നിലപാട് എടുക്കുമെന്ന് സിപിഒ ഉദ്യോഗാർത്ഥികൾക്ക് ഉമ്മൻചാണ്ടി ഉറപ്പുനൽകി. ന്യായമായ സമരങ്ങളെ മുഖ്യമന്ത്രി അധിക്ഷേപിക്കുകയാണെന്നും ഡിവൈഎഫ്ഐക്കാർ ഉദ്യോഗാർഥികളുടെ സമരത്തെ പിന്നിൽ നിന്ന് കുത്തിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

യുവാക്കളോട് പ്രതിബദ്ധതയും കടപ്പാടുമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ പറഞ്ഞു. നിരാഹാര സമരം അനുഷ്ഠിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ എൻ. എസ് നുസൂർ, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി തുടങ്ങിയവർക്ക് കോൺഗ്രസ് നേതാക്കൾ സമരപ്പന്തലിൽ എത്തി
നാരങ്ങാനീര് നൽകി നിരാഹാര സമരം അവസാനിപ്പിച്ചു. വിഷയത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.