ജയ് ശ്രീറാം ബാനർ ; പാലക്കാട് നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച് ; പ്രവർത്തകർക്കു നേരെ പൊലീസ് അതിക്രമം

Jaihind News Bureau
Friday, December 18, 2020

 

പാലക്കാട് : ബിജെപി വിജയാഘോഷത്തിനിടെ പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം ബാനർ ഉയർത്തിയതില്‍ വ്യാപകപ്രതിഷേധം. യൂത്ത്കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകർ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി. നഗരസഭയ്ക്കുള്ളിൽ പ്രവേശിച്ച് ദേശീയ പതാക ഉയർത്തിയ പ്രവർത്തകനെ പൊലീസ് വളഞ്ഞിട്ട് തല്ലി. യൂത്ത് കോൺഗ്രസ് കൊടുമ്പ് മണ്ഡലം പ്രസിഡന്‍റ് സതീഷിനാണ് മർദ്ദനമേറ്റത്. നഗരസഭയ്ക്ക് മുന്നിൽ ഭരണഘടന ആമുഖം യൂത്ത് കോൺഗ്രസ് പ്രവർത്തകർ വായിച്ചു.

ജയ്ശ്രീറാം ബാനര്‍ സ്ഥാപിച്ചതിനെതിരെ ടൗൺ സൗത്ത് പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് കേസെടുത്തത്. വർഗ്ഗീയ ദ്രൂവീകരണം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കനാണ് ബി.ജെ.പി ശ്രമമെന്ന് വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു.

വോട്ടെണ്ണൽ ദിവസം പാലക്കാട് നഗരസഭാ ഓഫീസിന് മുകളിൽ ജയ്ശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയത് ബിജെപി നേതാക്കളുടെ അറിവോടെയാണെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് നഗരസഭ കെട്ടിടത്തിനു മുകളില്‍ ‘ജയ് ശ്രീറാം’ എന്നെഴുതിയ കൂറ്റൻ ബാനർ ഉയർത്തി ബിജെപി ആഹ്ലാദപ്രകടനം നടത്തിയത്. കെട്ടിടത്തിന്‍റെ ഒരുവശത്ത് ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനറും മറ്റൊരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾ അടങ്ങിയ ബാനറുമാണ് ബിജെപി പ്രവർത്തകർ ഉയർത്തിയത്.