അഡ്മിനിസ്ട്രേറ്റീവ്  ഭരണം അവസാനിപ്പിക്കണം ; യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം ഇന്ന്

Jaihind Webdesk
Tuesday, May 25, 2021

കൊച്ചി : ലക്ഷദീപിലെ അഡ്മിനിസ്ട്രേറ്റീവ്  ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം ഇന്ന്. രാവിലെ 11.30ന് കൊച്ചിയിലെ ഐലൻഡിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുമ്പിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഹൈബി ഈഡൻ എംപി സമരം ഉദ്ഘടനം ചെയ്യും.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ നടപടികള്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു. അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്നും ദ്വീപിലേക്ക് ജനപ്രതിനിധികളെ അയക്കണമെന്നും ആവശ്യപ്പെട്ട് കൂടുതല്‍ എംപിമാര്‍ രംഗത്തുവന്നു. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ‘സേവ് ലക്ഷദ്വീപ്’ ക്യാംപെയ്നിനും മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

പ്രഫുല്‍ പട്ടേലിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുള്ളവർ രാഷ്ട്രപതിക്ക് കത്തയച്ചു. സാംസ്കാരിക പൈതൃകത്തെ തച്ചുടച്ച് ഏക ശിലാത്മകമായ സാംസ്‌കാരിക അടിച്ചേൽപ്പിക്കൽ രാജ്യത്തിന്‍റെ പലഭാഗത്തും കേന്ദ്ര സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നതിന്‍റെ മറ്റൊരുദാഹരണമാണ് ലക്ഷദ്വീപെന്ന് കെ.സി വേണുഗോപാല്‍ എം.പി ചൂണ്ടിക്കാട്ടി.

ദ്വീപിലെ പഴയ അവസ്ഥ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പിയും രാഷ്ട്രപതിക്ക് കത്തയച്ചു. ലക്ഷദ്വീപിലെ നിലവിലെ അഡിമിനിസ്‌ട്രേറ്ററുടെ പരിഷ്‌കാരങ്ങള്‍ ദ്വീപിലെ ജനങ്ങളില്‍ പ്രതിഷേധത്തിനിടയാക്കുന്നു. ദ്വീപ് നിവാസികളുടെ താല്‍പര്യങ്ങള്‍ക്കും സംസ്‌കാരത്തിനും എതിരായ നടപടികളാണ് ദ്വീപില്‍ നടപ്പാക്കുന്നത്. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് കത്തിലെ ആവശ്യം.

സമൂഹമാധ്യമങ്ങളിലെ സേവ് ലക്ഷദ്വീപ് ക്യാംപെയ്നിന് പിന്തുണ വര്‍ധിച്ചു. #SaveLakshdweep ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെൻഡിങ്ങാണ്. മന്ത്രിമാരും എം.എല്‍.എമാരും, പൃഥ്വിരാജ്, സണ്ണി വെയ്ന്‍, സലിംകുമാര്‍, ഷെയിന്‍ നിഗമടക്കമുള്ള താരങ്ങളും ഫെയ്സ്ബുക്കിലൂടെ ദ്വീപ് ജനതയ്ക്ക് പിന്തുണയുമായെത്തി.