സില്‍വർലൈന്‍ സർവേക്കല്ലിന്‍റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് കേസെടുത്ത സംഭവം; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമാർച്ച്

Jaihind Webdesk
Saturday, January 8, 2022

 

കണ്ണൂർ : മാടായിപ്പാറയിൽ സിൽവർ ലൈനിന്‍റെ പിഴുതുമാറ്റിയ സർവേ കല്ലിന്‍റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിനെതിരെ കേസെടുത്ത സംഭവത്തിൽ വ്യാപക പ്രതിഷേധം.
കേസെടുത്തതിൽ പ്രതിഷേധിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ചെറുകുന്ന് മണ്ഡലം പ്രസിഡന്‍റ്
പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച മാടായിപ്പാറയിൽ സിൽവർലൈനിന്‍റെ സർവേ കല്ല് പിഴുതുമാറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന്‍റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതിനാണ് യൂത്ത് കോൺഗ്രസ് ചെറുകുന്ന്
മണ്ഡലം പ്രസിഡന്‍റ് പുത്തൻപുരയിൽ രാഹുലിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തത്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപാഹ്വാനം നടത്തിയെന്നാണ് പോലീസ് പറയുന്നത്. ഇതിനെ തുടർന്നാണ് കേസെടുത്തതെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ പ്രതിഷേധിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെ റെയിലിന് എതിരായ പ്രതിഷേധം ശക്തമാക്കുമെന്ന്‌ യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.