തണ്ണിത്തോട് വീടാക്രമണം : പത്തനംതിട്ട എസ്.പി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

പത്തനംതിട്ട എസ്.പി ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. തണ്ണിത്തോട്ടിൽ നിരീക്ഷണത്തിലായിരുന്ന പെൺകുട്ടിയുടെ വീട് സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പെൺകുട്ടിക്കെതിരെ പ്രതികാര നടപടിയായി കേസെടുത്തതിലും പ്രതികളെ പോലീസ് സംരക്ഷിക്കുന്നതിലും പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ എസ്.പി ഓഫീസിന് മുന്നിൽ നിരാഹാര സമരം നടത്തുന്നത്.

പത്തനംതിട്ട തണ്ണിത്തോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ വീടാക്രമിക്കപ്പെട്ട പെൺകുട്ടിക്കെതിരെ ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചു എന്ന ഹെൽത്ത് ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ച് കേസ് എടുത്തിരുന്നു.

കോയമ്പത്തൂരിൽ പഠിക്കുകയായിരുന്ന വിദ്യാർത്ഥിനി വീട്ടിൽ എത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു. കുട്ടിയുടെ പിതാവ് പുറത്തിറങ്ങി എന്നാരോപിച്ചാണ് പ്രദേശത്തെ സ്ഥിരമായി സംഘർഷങ്ങൾ സൃഷ്ടിക്കുന്ന സിപിഎമ്മുകാരായ ഇവർ കുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തിയത്. വീടിന്‍റെ ജനൽ ചില്ലുകളും വാതിലും പ്രതികള്‍ അടിച്ചു തകർത്തിരുന്നു. എന്നാൽ ആദ്യം പിടികൂടിയ മൂന്ന് പ്രതികളിൽ രാജേഷ്, അശോകൻ,അജേഷ് എന്നിവർക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയാണ് തണ്ണിത്തോട് പൊലീസ് ചെയ്തത്. ഇതോടെ തന്‍റെ അമ്മയുടെ മൊഴി മാറ്റിയ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനി നിരാഹാരസമരം തുടങ്ങി. മൊഴി ഗൗരവമായി രേഖപ്പെടുത്തിയിട്ടില്ലെന്നും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനി ആരോപിച്ചു. ഇതോടെയാണ് ക്വാറന്റൈൻ നിർദ്ദേശം ലംഘിച്ചു എന്ന ഹെൽത്ത് ഇൻസ്‌പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ പകർച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച ഓർഡിനൻസ് അനുസരിച്ച് പെണ്‍കുട്ടിക്കെതിരെ കേസ് എടുത്തത്. സംഭവത്തില്‍ ഒളിവിലായിരുനിന്ന സിപിഎം പ്രവർത്തകരായ നവീൻ, ജിൻസൺ, സനൽ എന്നീ മൂന്ന് പ്രതികള്‍ കൂടി കീഴടങ്ങിയിരുന്നു.

Comments (0)
Add Comment