തെരുവിൽ കിടക്കേണ്ടവരല്ല ഇവർ, ഈ ഹതഭാഗ്യരുടെ നഷ്ടത്തിന് ആര് മറുപടി പറയും ? സർക്കാരിനെതിരെ ഷാഫി ; നിരാഹാരസമരം തുടരുന്നു

Jaihind News Bureau
Monday, February 15, 2021

 

തിരുവനന്തപുരം : പി.എസ്.സി ഉദ്യോഗാർത്ഥികളുടെ  സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥനും സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന  നിരാഹാരം സമരം തുടരുന്നു. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് റാങ്ക് ഹോള്‍ഡേഴ്സിന്റെയും സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍പെട്ടവരുടെയും സമരം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സമരവുമായി രംഗത്തെത്തിയത്.

പി.എസ്.സി പരീക്ഷയിൽ കേട്ടുകേൾവിയില്ലാത്ത അട്ടിമറിയും കോപ്പിയടിയും നടത്തി ശിവരഞ്ജിത്തിനെയും നസീമിനെയുമൊക്കെ റാങ്ക് ലിസ്റ്റിന്‍റെ തലപ്പത്ത് പ്രതിഷ്ഠിച്ചവരാണ് ഭരണത്തിലിരിക്കുന്നത്.  സർക്കാർ സ്‌പോൺസേർഡ് നാടകത്തിന്‍റെ പേരിൽ 4 മാസക്കാലം മരവിച്ച് പോയ സിപിഒ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം കിട്ടാതെ പോയ ഹതഭാഗ്യരുടെ നഷ്ടത്തിന് ആര് മറുപടി പറയുമെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു.

യുവാക്കളുടെ പോരാട്ടത്തെ ആക്ഷേപിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നത്.  മോദിയുടെ അതേ ശൈലിയാണ് പിണറായിക്കുമുള്ളത്. ന്യായത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്നും ഷാഫി പറമ്പില് പറഞ്ഞു. ന്യായമായ ആവശ്യത്തിനായി പോരാടുന്ന ഉദ്യോഗാർത്ഥികളുടെ സമരത്തെ അടിച്ചമർത്താനും ആക്ഷേപിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. കാലഹരണപ്പെട്ട ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് സമരം ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ആരോപിച്ചത് വിവാദമായിരുന്നു.

അതേസമയം പിൻവാതിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകാനായി പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരാനിരിക്കുകയാണ്. ഉദ്യോഗാർത്ഥികള്‍ക്ക് ഐക്യദാർഢ്യവുമായി യൂത്ത് കോണ്‍ഗ്രസും എത്തിയതോടെ സർക്കാരിനെതിരായ സമരം ശക്തമാവുകയാണ്.