ആലപ്പുഴ ഭരണിക്കാവ് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈലിന് നേരെ സി പി എം പ്രാദേശിക നേതാക്കളുടെ വധശ്രമം ഉണ്ടായിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാതെ പോലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ശക്തമാകുന്നു.
ഭരണിക്കാവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സി പി എം നേതാക്കൾ ആക്രമിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികളെ പോലീസ് പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാമെന്ന് ജില്ലാ പോലീസ് മേധാവി ജയിംസ് ജോസഫ് കൊടിക്കുന്നിൽ എംപിയ്ക്ക് വാക്ക് കൊടുത്തു. തുടർന്നാണ് പ്രതിഷേധത്തിൽ നിന്ന് പ്രവർത്തകർ പിന്മാറിയത് .
കർഷക തൊഴിലാളി ക്ഷേമനിധി പെൻഷനിലെ ക്രമക്കേട് ചൂണ്ടി കാട്ടിയതിലും കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് അർഹതപ്പെടുന്നവർക്ക് ഭക്ഷണം നൽകാത്തതിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിലുമുള്ള പ്രതികാരമാണ് ഭരണിക്കാവിലെ സി പി എമ്മിന്റെ ക്രൂരതയ്ക്ക് പിന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വള്ളിക്കുന്നത് പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ് എം.പി സുഹൈലിന്റെ വീട് സന്ദർശിച്ചു. ഭരണിക്കാവ് ആസൂത്രിത അക്രമത്തിന് സിപിഎം പ്രകോപനം സൃഷ്ടിക്കുകയാണെന്നും ക്ഷേമനിധി പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചാനലിലൂടെ പുറത്തു വന്നതിനെ പ്രതികാര നടപടിയാണ് സുഹൈലിന് നേരെയുള്ള അക്രമത്തിലൂടെ പുറത്തു വരുന്നതെന്നും ആലപ്പുഴ ഡിസിസി പ്രസിഡണ്ട് എം ലിജു പറഞ്ഞു.
പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തിൽ മലപ്പുറത്തും പ്രതിഷേധം. കൊണ്ടോട്ടി പോലീസ് സ്റ്റേഷന് മുന്നിൽ നിൽപ് സമരം നടത്തിയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയാണ് ഇത്തരം ആക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതെന്ന് റിയാസ് മുക്കോളി ആരോപിച്ചു. പ്രതികളായ ഡിവൈ എഫ്ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവുന്നില്ലങ്കിൽ സമരം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. SP ഓഫീസിന് സമീപം പ്രതിഷേധിച്ചതിന് റിയാസ് മുക്കോളി, പി. കെ നൗഫൽ ബാബു, സി.കെ.ഹാരിസ്, ഷാജി പച്ചേരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സുഹൈലിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം കമ്മീഷണർ ഓഫീസിനു മുന്നിലും ഉപരോധ സമരം സംഘടിപ്പിച്ചു. പ്ളക്കാർഡുമായി കമ്മിഷണർ ഓഫീസിന്റെ കാവാടത്തിനു മുന്നിൽ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺ രാജിനേയും സംസ്ഥന നേതാക്കളായ ഫൈസൽ കുളപ്പാടം, ആർ.എസ്. അബിൻ, വിഷ്ണു സുനിൽ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കോഴിക്കോടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തി. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുന്നിലാണ് കുത്തിയിരുപ്പ് സമരം നടത്തിയത്. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ആർ ഷാഹിൻ, സംസ്ഥാന ജനറൽ സെക്രട്ടറി ധനീഷ് ലാൽ, സംസ്ഥാന സെക്രട്ടറി പികെ രാഗേഷ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് തുടങ്ങിയവരാണ് പ്ലക്കാർഡുമായി പ്രതിഷേധിച്ചത്.
ഇന്നലെ രാത്രി 10.30 കൂടിയായിരുന്നു അക്രമം ഉണ്ടായത് .ഗുരുതരമായി കഴുത്തിന് പരിക്കേറ്റ സുഹൈലിനെ കായംകുളത്തും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്കും ശേഷം വിദഗ്ദ്ധ ചികിത്സക്കായി എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്കും കൊണ്ടുപോയി. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലുള്ള സുഹൈലിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രതികളെ പിടികൂടുംവരെ ശക്തമായ പ്രതിഷേധം തീർക്കാൻ ഒരുങ്ങുമെന്ന് ഭരണിക്കാവിലെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.