ഇ-മൊബിലിറ്റി അഴിമതി: എ.കെ ശശീന്ദ്രനെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം| VIDEO

Jaihind News Bureau
Monday, June 29, 2020

ഇ-മൊബിലിറ്റി അഴിമതിയില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെതിരെ കോഴിക്കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റിയാസ്, കെ.എസ്.യു ജില്ലാ സെക്രട്ടറി സനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇലക്ട്രോണിക്സ് വാഹനങ്ങളുമായി ബന്ധപ്പെട്ട 4,500 കോടി രൂപയുടെ ഇ–മൊബിലിറ്റി പദ്ധതിയില്‍ അഴിമതിയെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തോടു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഒഴിഞ്ഞു മാറിയിരുന്നു. ഫയലുകള്‍ പരിശോധിച്ചുശേഷമേ മറുപടി നല്‍കാനാവൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കണം. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തോയെന്ന ചോദ്യത്തിനും മന്ത്രി മറുപടി നല്‍കിയിരുന്നില്ല.

ഇ-മൊബിലിറ്റി പദ്ധതിയിലെ സര്‍ക്കാരിന്‍റെ അഴിമതി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് പ്രൈസ്‍വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ദുരൂഹമാണ്. സെബി വിലക്കേര്‍പ്പെടുത്തിയ കമ്പനിക്കാണ് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. കമ്പനിക്കെതിരെ മുന്‍ നിയമകമ്മിഷന്‍ അധ്യക്ഷന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നതായും രമേശ് ചെന്നിത്തല വെളിപ്പെടുത്തി.

ഇ–മൊബിലിറ്റി പദ്ധതി കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണോ ?. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് പ്രൈസ്‍വാട്ടര്‍ഹൗസ് കൂപ്പേഴ്സിനെ നിശ്ചയിച്ചത്. ഇത് ഗതാഗതമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. കണ്‍സള്‍ട്ടന്‍സി കരാര്‍ ഉടന്‍ റദ്ദാക്കി, ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

 

 

 

teevandi enkile ennodu para