തിരുവനന്തപുരം നഗരസഭയിലെ അഴിമതി; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ്

Jaihind Webdesk
Thursday, October 21, 2021

തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചില്‍ സംഘർഷം. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച  പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ലാത്തിവീശി.

തിരുവനന്തപുരം നഗരസഭയിലെ കെട്ടിട നികുതി പണം തട്ടിച്ച ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുക, പട്ടികജാതി ക്ഷേമ ഫണ്ട് അഴിമതി നടത്തിയ ഉദ്യോഗസ്ഥയെയും ഡിവൈഎഫ്ഐ നേതാക്കളെയും അറസ്റ്റ് ചെയ്യുക, കോർപറേഷനിലെ അനധികൃത നിയമനങ്ങൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നഗരസഭാ ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് ഡിസിസി പ്രസിഡന്‍റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. തുടർന്ന് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. തുടർന്ന് പൊലീസിനെതിരെ മുദ്രാവാക്യമുയർത്തി ആയിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്മാരായ കെഎസ് ശബരീനാഥൻ, എൻഎസ് നുസൂർ, എസ്എം ബാലു, ജില്ലാ പ്രസിഡന്‍റ് സുധീർ ഷാ പാലോട് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.