മൊഫിയയുടെ ആത്മഹത്യ: ആലുവ സിഐക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Jaihind Webdesk
Wednesday, November 24, 2021

കൊച്ചി: മൊഫിയ പര്‍വീണിന്‍റെ  ആത്മഹത്യയെ തുടര്‍ന്ന് ആലുവയിൽ വന്‍ പ്രതിഷേധം. കേസിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനുള്ളിലും പുറത്തും യൂത്ത് കോൺഗ്രസും യുഡിഎഫും  സമരം തുടരുകയാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിഐജി നീരവ് കുമാർ ഗുപ്തയെ തടഞ്ഞു. ഇതിനിടെ, മൊഫിയയുടെ ഭർത്താവിനെയും അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ ഇന്നലെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിരുന്നു.

സിഐയെ ചുമതലകളിൽ നിന്നും മാറ്റി എന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നുവെങ്കിലും അത് ശരിയല്ലെന്ന് പിന്നീട് വ്യക്തമായി.ഇന്നും ആലുവ പോലീസ് സ്റ്റേഷനിൽ അദ്ദേഹം ഡ്യൂട്ടിക്ക് ഹാജരായതോടെ പ്രതിപക്ഷം സ്റ്റേഷൻ ഉപരോധിച്ചു സമരം തുടങ്ങി.

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ ഡിഐജിയുടെ വാഹനം തടഞ്ഞു. തുടർന്ന് നേതാക്കളുമായി ഡിഐജി നീരവ് കുമാർ ഗുപ്ത ചർച്ച നടത്തി. അതേസമയം ആലുവ സിഐയെ സ്റ്റേഷൻ ചുമതലകളിൽ നിന്നും മാറ്റിയിട്ടില്ല എന്ന് എറണാകുളം എസ്പികെ കാർത്തിക അറിയിച്ചു.

ഇതിനിടെ, കേസിൽ സുധീർ കുമാറിനെ പങ്കിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ആലുവ ഡിവൈഎസ്പി ശിവൻകുട്ടി ഡിഐജി നീരവ് കുമാർ ഗുപ്തക്ക് കൈമാറി. ഡിഐജി ആലുവ റൂറൽ എസ്പി ഓഫീസിലും പൊലീസ് സ്റ്റേഷനിൽ എത്തി കേസിലെ പുരോഗതി വിലയിരുത്തി.