പോരാടുന്ന കർഷകന് ഐക്യദാർഢ്യം ; യൂത്ത് കോൺഗ്രസ് പാർലമെന്‍റ് മാർച്ചിനും നേരെ പൊലീസ് അതിക്രമം ; നിയമങ്ങൾ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് പ്രവർത്തകർ

Jaihind News Bureau
Tuesday, February 9, 2021

 

ന്യൂഡല്‍ഹി : കാർഷിക നിയമങ്ങളിലും രാജ്യത്തെ തൊഴിലില്ലായ്മയിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പാർലമെന്‍റിലേക്ക് നടത്തിയ മാർച്ചിനു നേരെ പൊലീസ് അതിക്രമം. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷൻ ബി.വി ശ്രീനിവാസിനെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു. കാർഷിക നിയമങ്ങൾ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് ബി.വി ശ്രീനിവാസ് അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ ഉള്‍പ്പടെ  കേരളത്തിൽ നിന്നുള്ള നേതാക്കളും പ്രതിഷേധങ്ങളുടെ ഭാഗമായി.

രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് എത്തിച്ച മണ്ണുമായാണ്  പ്രവർത്തകർ പാർലമെന്‍റ് മാർച്ചിന് എത്തിയത്. മോദി ഭരണകൂടത്തിന് കീഴിൽ രാജ്യം നേരിടുന്ന കാർഷിക നിയമങ്ങൾ ഉൾപ്പെടെ ഉയർത്തിക്കാട്ടിയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് അഖിലേന്ത്യാ അധ്യക്ഷൻ ബി.വി ശ്രീനിവാസിന്‍റെ നേതൃത്വത്തിൽ ജാഥയായി ജന്തർമന്ദറിലേക്ക് എത്തിയ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കർഷകരെ സർക്കാർ കോര്‍പറേറ്റുകൾക്ക് തീറെഴുതുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. സർക്കാർ കർഷകർക്ക് ഒപ്പമല്ല കോര്‍പ്പറേറ്റുകൾക്ക് ഒപ്പമാണെന്ന് ഹൈബി ഈഡൻ എം പിയും പറഞ്ഞു. പ്രതിഷേധിച്ച  പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.