ദേവികയുടെ സഹോദരങ്ങളുടെ പഠന ചെലവ് യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കും: ഷാഫി പറമ്പിൽ എംഎൽഎ

 

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ദേവികയുടെ സഹോദരങ്ങളുടെ പഠന ചെലവ്  യൂത്ത് കോൺഗ്രസ്‌ ഏറ്റെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ എംഎൽഎ. ദേവികയുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാകാത്തതില്‍ മനംനൊന്ത് കഴിഞ്ഞദിവസമാണ് ദേവിക ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ദേവികയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ ആള്‍പ്പാർപ്പില്ലാത്ത അടുത്തുള്ള വീടിന്‍റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മതിയായ സൗകര്യങ്ങളില്ലാതിരുന്നതിനാല്‍ ദേവികയ്ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്നതിന്‍റെ വിഷമം പങ്കുവെച്ചിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞു. വീട്ടിലെ ടി.വി പ്രവർത്തിക്കാത്തതും സ്മാർട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നുവെന്നും ബന്ധുക്കൾ. കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് ജോലിക്ക് പോകാനും സാധിച്ചിരുന്നില്ല.

അതേസമയം അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കാതെ തിടുക്കപ്പെട്ട് സർക്കാര്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ ക്ലാസിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെയും മലയോര മേഖലകളിലെയും തീരദേശങ്ങളിലേയും കുട്ടികളില്‍ നല്ലൊരു വിഭാഗത്തിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രയോജനപ്പെടില്ല. ആദിവാസി മേഖല, മത്സ്യത്തൊഴിലാളി മേഖല തുടങ്ങിയ അടിസ്ഥാന വിഭാഗങ്ങളില്‍ പല വീടുകളിലും ടെലിവിഷന്‍ സൗകര്യമില്ല. സ്മാര്‍ട്ട് ഫോണും ഇന്‍റര്‍നെറ്റ് സൗകര്യവും ടി.വി സൗകര്യവുമില്ലാത്തവര്‍ക്ക് ക്ലാസുകള്‍ പ്രയോജനപ്പെട്ടിട്ടില്ല. ഇക്കാര്യം പ്രതിപക്ഷം സർക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

 

 

youth congressshafi parambil
Comments (0)
Add Comment