സേവന രംഗത്ത് സദാ കർമനിരതനായി യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ്

Jaihind News Bureau
Monday, May 18, 2020

 

യുവജന സംഘടയെന്നാല്‍ സമരമെന്നും പ്രക്ഷോഭം എന്നും മാത്രമുള്ള പൊതുധാരണകളെ പൊളിച്ചെഴുതുകയാണ് ബി.വി ശ്രീനിവാസിന്‍റെ നേതൃത്വത്തിലുള്ള യൂത്ത് കോണ്‍ഗ്രസ്. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസുകളില്‍ ആഴത്തില്‍ വേരോട്ടമുണ്ടാക്കാന്‍ ബി.വി ശ്രീനിവാസിന്‍റെ നേതൃത്വപാടവത്തിന് കഴിഞ്ഞു. ഇപ്പോള്‍ കൊവിഡിനെതിരായ പോരാട്ടത്തിലും യൂത്ത് കോണ്‍ഗ്രസിന്‍റെ മുന്നണിപ്പോരാളിയാവുകയാണ് ബി.വി ശ്രീനിവാസ്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മുഴുവന്‍ സമയവും കർമനിരതനാണ് അദ്ദേഹം. നേതാവിന്‍റെ മാതൃകാപരമായ പ്രവര്‍ത്തനം മുഴുവന്‍ പ്രവര്‍ത്തകര്‍ക്കുമാണ് ഊര്‍ജം പകരുന്നത്.

കൊവിഡ് മഹാമാരി രാജ്യത്ത് ദുരന്തം വിതച്ചുതുടങ്ങിയപ്പോള്‍ തന്നെ ശ്രീനിവാസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സഹായം ആവശ്യമുള്ളവർക്ക് എത്തിച്ചുനല്‍കാന്‍ കാര്യങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കാന്‍ ശ്രീനിവാസിന്‍റെ നേതൃപാടവത്തിന് കഴിഞ്ഞു. പരമാവധി വേഗത്തില്‍ കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ അദ്ദേഹം കാട്ടുന്ന പാടവം കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെയും പ്രശംസ പിടിച്ചുപറ്റി.

കൊവിഡുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ ഡല്‍ഹിയിലെ ആസ്ഥാനം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ഡെസ്ക്ക് എന്നതിലുപരി ദുരിതം അനുഭവിക്കുന്നവരുടെ അഭയകേന്ദ്രമാക്കി മാറ്റി. പ്രതിദിനം രണ്ടായിരം ആളുകള്‍ക്കാണ് ഇവിടെ ഭക്ഷണമൊരുക്കിയിരിക്കുന്നത്. നിരവധി പേർക്കാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഈ സംവിധാനം ആശ്വാസമാകുന്നത്.

 

കൊവിഡ് പ്രതിരോധത്തിനായി മാസ്ക്കുകളുടെ നിർമാണവും ഓഫീസ് കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്. ഒരു കോടിയിലധികം മാസ്‌കുകള്‍ നിര്‍മിച്ച് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഡല്‍ഹിയിലെ ഒട്ടെല്ലാ പ്രദേശങ്ങളിലും സഹായമെത്തിക്കാന്‍ ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ സജ്ജമാണ്. മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ ആശുപത്രികളിലും മറ്റ് മേകലകളിലും ജോലി ചെയ്യുന്നവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് സുരക്ഷാ കിറ്റുകളും എത്തിച്ചുനല്‍കുന്നുണ്ട്. ഇന്ത്യയൊട്ടാകെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് നിർദേശം നല്‍കിയിരിക്കുന്നത്. ഇതിനനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും യൂത്ത് കോണ്‍ഗ്രസ് സജീവമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ പ്രവര്‍ത്തനങ്ങളെല്ലാം നടത്താനുള്ള ഫണ്ട് കണ്ടെത്തുന്നത് സ്വന്തം നിലയിലാണെന്നതാണ് ഏറ്റവും ശ്രദ്ധേയം.

ജനങ്ങളുടെ ദുരിതം കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ശൈലിയാണ് ബി.വി ശ്രീനിവാസിന്‍റേത്. രാജ്യത്ത് ഏത് കോണിലും എത്തിച്ചേരാനും പ്രവര്‍ത്തിക്കാനുമുള്ള ശ്രീനിവാസിന്‍റെ ശൈലി രാഷട്രീയഭേദമെന്യെ പോലും ഏവരും അംഗീകരിക്കുന്നതാണ്. കേരളത്തെ മുക്കിയ പ്രളയകാലത്ത് ഇവിടെ എത്തിച്ചേർന്ന് മുഴുവന്‍ സമയപ്രവര്‍ത്തനങ്ങളില്‍ ബി.വി ശ്രീനിവാസ് പങ്കാളിയായിരുന്നു. ഈ ഊർജമാണ് അദ്ദേഹം പ്രവര്‍ത്തകരിലേക്കും പകരുന്നത്. ഇപ്പോള്‍ ഈ കൊവിഡ് കാലത്തും അദ്ദേഹം കർമനിരതനാണ്. പ്രതിരോധപ്രവർത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയും ഇന്ത്യയൊട്ടാകെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും യൂത്ത് കോണ്‍ഗ്രസിന്‍റെ മുന്നണിപ്പോരാളിയായി ബി.വി ശ്രീനിവാസ് സജീവമാണ്.