THRISSUR DCC PRESIDENT| യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദനമേറ്റ സംഭവം: ‘നടന്നത് പോലീസിന്‍റെ ക്രൂരനരനായാട്ട്; ഉദ്യോഗസ്ഥരെ പിരിച്ചുവിടണം’- തൃശൂര്‍ ഡിസിസി പ്രസിഡന്റ്

Jaihind News Bureau
Wednesday, September 3, 2025

യൂത്ത് കോണ്‍ഗ്രസ് നേതാവിന് നേരെയുണ്ടായ മര്‍ദനത്തില്‍ സംഭവിച്ചത് പോലീസിന്റെ ക്രൂരനരനായാട്ടെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. വിഷയത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നും ശക്തമായ നടപടിയെടുക്കണമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനാണ് പോലീസിന്റെ മര്‍ദനമുണ്ടായത്. പോലീസിന്റെ ഭീഷണി ചോദ്യം ചെയ്തതിനാണ് മര്‍ദനമുണ്ടായത്. 2023 ഏപ്രിലിലാണ് സംഭവം നടന്നത്. മര്‍ദനത്തിന്റെ തീവ്രത വ്യക്തമാക്കി കൊണ്ട് സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

2023ല്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പോലീസിന്റെ ഭീഷണിയെ ചോദ്യം ചെയ്തതിനാണ് സുജിത്തിനെ മര്‍ദ്ദിച്ചത്. ഷര്‍ട്ട് ഊരിമാറ്റിയ നിലയില്‍ പോലീസ് ജീപ്പിലാണ് സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. അവിടെ വെച്ച് മൂന്നിലധികം പോലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. എസ്.ഐ. നുഹ്‌മാന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.