പത്തനംതിട്ട: നിലക്കൽ പാർക്കിംഗ് ഗ്രൗണ്ടിലെ തൊഴിലാളിയായ കുന്നത്തൂർ സ്വദേശി അജയകുമാറിന് സ്വാന്തനമേകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
വീട്ടിൽ നിന്ന് നിലക്കലിലേക്ക് പോകാനായി പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അപസ്മാരം വന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ യൂത്ത് കോൺഗ്രസ് ഹെൽപ് ഡെസ്സ്ക്കിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ശിശ്രൂഷ നൽകുകയും ചെയ്തു വീട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു.
അതേ സമയം അജയനെ കാണാനില്ല എന്ന പരാതിയുമായി വീട്ടുകാര്‍ ശൂരനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി കാത്തിരിക്കുമ്പോഴാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയുടെ ഫോൺ കോൾ വീട്ടുകാരെ തേടി എത്തിയത്. തുടർന്ന് ഭാര്യ സഹോദരൻ പ്രശാന്ത് എത്തുന്നത് വരെ അജയന് കൂട്ടായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉണ്ടായിരുന്നു.
ശബരിമല തീർത്ഥാടകർക്ക് സഹായം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡസ്ക്ക് ആരംഭിച്ചത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ഹെൽപ്പ് ഡസ്ക്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിഷ്ണു ആർ പിള്ള,കാർത്തിക്ക് മുരിംഗമംഗലം, അഖിൽ സന്തോഷ്, അസ്ലം കെ അനൂപ്, ഹരിഗോവിന്ദ് എന്നിവരാണ് ഹെൽപ്പ് ഡസ്ക്കിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.