
സീതത്തോട്: കാട്ടുമൃഗങ്ങളുടെ ഭീഷണിയും ഇരുട്ടും നിറഞ്ഞ മൂഴിയാര്‍ ആദിവാസി ഉന്നതിയില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ് പുതുവത്സര സമ്മാനം നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ നല്‍കിയ വാഗ്ദാനമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് സമയത്ത് ഗവി വാര്‍ഡില്‍ മത്സരിച്ച ശിവയും ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഷെമീര്‍ തടത്തിലും ഉന്നതിയിലെ ദുരവസ്ഥ നഹാസ് പത്തനംതിട്ടയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വെളിച്ചമില്ലാത്തതിനാല്‍ വന്യമൃഗശല്യം രൂക്ഷമാണെന്നും ഷെഡ്ഡുകള്‍ നശിപ്പിക്കപ്പെടുന്നുവെന്നും കുട്ടികളുടെ പഠനം തടസ്സപ്പെടുന്നുവെന്നുമുള്ള പരാതിക്ക് ഉടന്‍ പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം സോളാര്‍ ഉപകരണങ്ങളുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വനപാലകര്‍ തടഞ്ഞത് നേരിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയത്തില്‍ ഇടപെടുകയും തടസ്സങ്ങള്‍ നീക്കുകയും ചെയ്തതോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്. വ്‌ലോഗര്‍ ഷാലു പേയാട്, ടെക്‌സസിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് ഉന്നതിയിലെ മുഴുവന്‍ ഷെഡ്ഡുകളിലും സോളാര്‍ വെളിച്ചം എത്തിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട നിര്‍വഹിച്ചു. ഷെമീര്‍ തടത്തില്‍, ശിവഗുരുസ്വാമി, മനു തയ്യില്‍, സുഹൈല്‍ നജീബ്, ജാക്‌സണ്‍ ഷാജി, കാര്‍ത്തിക്ക് മുരിങ്ങമംഗലം, റ്റിജോ സാമുവല്‍, നജീം രാജന്‍, ജിതിന്‍ പോള്‍ ജെ ബ്രദേഴ്‌സ്, ഡെയിന്‍ എം രാജന്‍, അനു തോമസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. എല്ലാ വര്‍ഷവും പുതുവത്സര ദിനത്തില്‍ ആദിവാസി ഉന്നതികളില്‍ സഹായമെത്തിക്കുന്ന നഹാസും സുഹൃത്തുക്കളും ഈ വര്‍ഷം വെളിച്ചം നല്‍കിയാണ് മാതൃകയായത്.