അപ്രതീക്ഷിത മഴയില്‍ ദുരിതത്തിലായി കര്‍ഷകര്‍ ; സഹായഹസ്തവുമായി യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Friday, May 14, 2021

കോട്ടയം : കനത്ത മഴയിലും ശക്തിയായി വീശിയ കാറ്റിലും കൃഷിനാശം സംഭവിച്ച കർഷകർക്ക് കൈത്താങ്ങായി പുതുപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പുതുപ്പള്ളി എറികാടിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ നിന്ന് 1000 മൂട് കപ്പ കർഷകർക്ക് വിളവെടുത്ത് നൽകി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

4 കർഷകർ ഒരുമിച്ചാണ് എറികാടിൽ ഒരേക്കറോളം വരുന്ന കൃഷിയിടത്തിൽ കൃഷിയിറക്കിയത്. എന്നാൽ വിളവെടുപ്പിന് മുമ്പ് വന്ന കനത്ത മഴയെ തുടർന്ന് കൃഷിയിടം വെള്ളത്തിനടിയിലായി. ഇതിനെ തുടർന്ന് കൃഷി നഷ്ടത്തിലായ കർഷകർക്ക് കൈത്താങ്ങായി പുതുപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം മുളക്കുളം പഞ്ചായത്തിൽ വെള്ളത്തിനടിയിലായ നെൽപാടങ്ങളിൽ നിന്ന് കെ.എസ്.യു പ്രവർത്തകർ നെല്ല് വിളവെടുത്ത് നൽകി കർഷകരെ സഹായിച്ചിരുന്നു. ഇത് കൂടാതെ കൊവിഡ് രോഗികൾക്ക് വേണ്ടി മരുന്നുകളും ഭക്ഷണവും കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചുനൽകുന്നുണ്ട്.

കനത്ത മഴയിൽ കൃഷി നശിച്ച് പോകുന്ന ഘട്ടത്തിൽ കർഷകർക്ക് ഒരു കൈത്താങ്ങാവുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെയ്തത് എന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജെയ്സണ്‍ പെരുവേലി പറഞ്ഞു.