സർക്കാർ കൈവിട്ട കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസമായി യൂത്ത് കോൺഗ്രസ്; ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

 

പത്തനംതിട്ട: സര്‍ക്കാർ കൈയൊഴിഞ്ഞതോടെ ഓണക്കാലത്തും പട്ടിണിയിലായ കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ആശ്വാസമായി യൂത്ത് കോണ്‍ഗ്രസ്. അരിയും, പലവ്യഞ്ജനങ്ങളും, പച്ചക്കറിയും അടങ്ങിയ ഓണക്കിറ്റുകൾ പത്തനംതിട്ടയിലെ കെഎസ്ആർടിസി ജീവനക്കാർക്ക് യൂത്ത് കോൺഗ്രസ് വിതരണം ചെയ്തു.

ഓണത്തിന്‍റെ പശ്ചാത്തലത്തില്‍ പോലും ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സർക്കാർ സമയബന്ധിതമായി നടപടി സ്വീകരിക്കാതായതോടെ കെഎസ്ഐആർടിസി ജീവനക്കാർ കടുത്ത നിരാശയിലായി. കുഞ്ഞുങ്ങള്‍ക്ക് ഓണക്കോടി പോലും വാങ്ങാന്‍ കഴിയുന്നില്ലെന്ന് സങ്കടപ്പെട്ട കെഎസ്ആർടിസി ജീവനക്കാരുടെ ദുരിതം പൊതുസമൂഹത്തിലും ചർച്ചയായി. ബാങ്ക് വായ്പകൾ തിരിച്ചടക്കാൻ ഗതിയില്ലാതെ കഴിയുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും അലവൻസും ഒന്നും നൽകാതെ ചർച്ച നടത്തി വഞ്ചിച്ച സർക്കാർ നടപടികളിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ സഹായഹസ്തവുമായി മുന്നോട്ടു വന്നത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലാണ് ജീവനക്കാർക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തത്. കാർത്തിക്ക് മുരിംഗമംങ്ങലം, അസ്‌ലം കെ അനൂപ്, നിഷാദ് ആനപ്പാറ,റെജി ബഷീർ എന്നിവരും കിറ്റ് വിതരണത്തില്‍ പങ്കാളികളായി.

Comments (0)
Add Comment