‘മരണത്തില്‍ പോലും കമ്യൂണിസ്റ്റുകാരന്‍റെ കരണം പുകച്ചാണ് അദ്ദേഹം പോകുന്നത്’; പിടിക്കെതിരായ അപകീർത്തി പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Thursday, December 23, 2021

 

അന്തരിച്ച കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് പിടി തോമസ് എംഎല്‍എക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റുകളും കമന്‍റുകളും ഇട്ടവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. സോഷ്യല്‍മീഡിയയിലൂടെയുള്ള ആക്ഷേപങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

മരണത്തില്‍ പോലും കമ്യൂണിസ്റ്റുകാരന്‍റെ കരണംപുകച്ചുകൊണ്ടാണ് പിടി പോകുന്നത്. രാഷ്ട്രീയ മര്യാദകളുടെ സകല അതിരുകളും ലംഘിച്ച് പരേതനെതിരെ അസഭ്യവും ആഭാസവും വര്‍ഷിക്കുന്ന സൈബര്‍ പ്രൊഫൈലുകള്‍ക്കെതിരെ നടപടി വേണം. കമന്റുകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും കുറ്റക്കാരെ അഴിയെണ്ണിക്കും വരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും നഹാസ് വ്യക്തമാക്കി.

നഹാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

മരണത്തില്‍ പോലും കമ്മ്യൂണിസ്റ്റ്കാരന്റെ കരണംപുകച്ചുകൊണ്ടാണ് പിടി പോകുന്നത്. അയ്യങ്കാളിക്കും ശ്രീനാരായണ ഗുരുവിനും ഒപ്പം സാക്ഷാല്‍ പിണറായി വിജയനെ തിരുകിക്കയറ്റി നവോത്ഥാന നായകന്‍ എന്ന മേലങ്കി അണിയിക്കുവാന്‍ ഇടതുപക്ഷം പ്രതിജ്ഞയെടുത്ത് ഒരുമ്പെട്ട് നില്‍ക്കുമ്പോഴാണ്, വിജയന്‍ നവോത്ഥാനനായകനല്ല അധോലോക നായകനാണെന്ന സത്യം PT വിളിച്ചു പറയുന്നത്. ആ PTയുടെ ശൂന്യതയുടെ ആഴം നമുക്ക് ചുറ്റുമുള്ള മനുഷ്യര്‍ രാഷ്ട്രീയ ഭേദമന്യേ ചങ്കില്‍ പേറി നില്‍ക്കുമ്പോഴാണ്, കേരളത്തിന് ഇതിന് മുന്‍പു പരിചയമുള്ള രാഷ്ട്രീയ മര്യാദകളുടെ സകല അതിരുകളും ലംഘിച്ച് ഒരു പരേതനെതിരെ പോലും അസഭ്യവും ആഭാസവും വര്‍ഷിക്കുന്ന സൈബര്‍ പ്രൊഫൈലുകള്‍ ശ്രദ്ധയില്‍പ്പെടുന്നത്. കേട്ടുകൊണ്ടിരിക്കാനാവുന്നതല്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്ന നിലയില്‍ നിയമപരമായ നടപടികളുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും.അഴിയെണ്ണിക്കും വരെ…