ശബരിമല പാതയില്‍ ‘ശബരീ ശുചിത്വം’ പൂര്‍ത്തിയാക്കി യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, January 20, 2026

 

പത്തനംതിട്ട: ശബരിമല മണ്ഡലകാലം അവസാനിക്കുന്ന സാഹചര്യത്തില്‍ കാനനപാതകളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി യൂത്ത് കോണ്‍ഗ്രസും ശബരീസേവാ ട്രസ്റ്റും സംയുക്തമായി ‘ശബരീ ശുചിത്വം’ എന്ന പേരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വര്‍ഷങ്ങളായി തുടര്‍ച്ചയായി നടത്തി വരുന്ന ഈ പ്രവര്‍ത്തനം ശബരിമലയുടെ പരിസ്ഥിതി സംരക്ഷണത്തിന് വലിയ സംഭാവനയാകുമെന്ന് നഹാസ് പത്തനംതിട്ട പറഞ്ഞു.

മണ്ഡലകാലത്ത് ലക്ഷക്കണക്കിന് ഭക്തര്‍ സഞ്ചരിക്കുന്ന കാനനപാതകളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ തോതില്‍ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയത്. ശബരിമല ഒരു വിശുദ്ധ തീര്‍ത്ഥാടന കേന്ദ്രം മാത്രമല്ല, അതോടൊപ്പം സംരക്ഷിക്കപ്പെടേണ്ട ഒരു പരിസ്ഥിതി മേഖലയുമാണെന്നും, ഭക്തിയും ഉത്തരവാദിത്വവും ഒരുമിച്ച് കൈകോര്‍ക്കുമ്പോഴാണ് ശബരിമലയുടെ മഹത്വം നിലനില്‍ക്കുകയെന്നും ഉത്ഘാടന പ്രസംഗത്തില്‍ നഹാസ് പത്തനംതിട്ട വ്യക്തമാക്കി.

പ്ലാസ്റ്റിക് മുക്ത ശബരിമലയെന്ന ലക്ഷ്യത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട പരിപാടി ഉത്ഘാടനം ചെയ്തു. മനു തയ്യില്‍ അദ്ധ്യക്ഷത വഹിച്ചു. ഷെമീര്‍ തടത്തില്‍, എംസി ആരിഫ്, കാര്‍ത്തിക്ക് മുരിങ്ങമംഗലം, വി രാജീവ്, അജ്മല്‍ അലി, നിഷാല്‍ വലംഞ്ചുഴി എന്നിവര്‍ നേതൃത്വം നല്‍കി.