ആലപ്പുഴയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി; തല തല്ലിപ്പൊട്ടിച്ച് സുരക്ഷാ സംഘം

Jaihind Webdesk
Friday, December 15, 2023

 

ആലപ്പുഴ: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച് സുരക്ഷാ സംഘം. ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷധിച്ചത്. സുരക്ഷാ സംഘം പ്രവർത്തകരുടെ തല അടിച്ചു പൊട്ടിച്ചു. നിരവധി പ്രവർത്തകർക്ക് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു.

നവ കേരള സദസിനായി സംസ്ഥാന പര്യടനം നടത്തുന്ന മുഖ്യമന്ത്രിക്കും സംഘത്തിനും നേരെ ആലപ്പുഴയിൽ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനു നേരെയാണ് ക്രൂരത. മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലുള്ളവർ യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ അതി ക്രൂരമായാണ് തല്ലിച്ചതച്ചത്. മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷകരും ചേർന്നായിരുന്നു മർദ്ദനം. സുരക്ഷാ സംഘത്തിനൊപ്പം ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്നു.

പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം വളഞ്ഞിട്ട് തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് കെഎസ്‌യു-യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവർക്കാണ് അതി ക്രൂരമായ മർദ്ദനമേറ്റത്. സൂക്ഷിച്ചോ ഇനിയും തരുമെന്ന് സുരക്ഷാ സംഘവും ഡിവൈഎഫ്ഐക്കാരും ഭീഷണിപ്പെടുത്തി. സുരക്ഷാ സംഘത്തിന്‍റെ നിലപാടിനെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു.