സ്പീക്കറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍റെ നിയമസഭാ മാർച്ച് ; സംഘർഷം, ജലപീരങ്കി

Jaihind News Bureau
Thursday, January 21, 2021

 

തിരുവനന്തപുരം : സ്വര്‍ണ്ണക്കള്ളക്കടത്ത്, ഡോളര്‍ കടത്ത് ആരോപണങ്ങളില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാർച്ചിനെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിന്മാറാതെ നിന്ന പ്രതിഷേധക്കാർക്കെതിരെ പൊലീസ് രണ്ടാം റൗണ്ടും ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ സ്പീക്കറുടെ കോലം കത്തിച്ചു.

സ്വർണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണപരിധിയിൽ നിൽക്കുന്ന സ്പീക്കർ ശ്രീരാമകൃഷ്ണൻ രാജി വെച്ച് നിയമസഭയുടെ  അന്തസ് കാക്കണമെന്നാവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാർച്ച് നടത്തിയത്.  യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്‍റ് സുധീർഷായുടെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ് നുസൂർ ഉദ്‌ഘാടനം ചെയ്തു.