
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും ദുര്‍ഭരണത്തിനും സ്വര്‍ണ്ണക്കള്ളക്കടത്ത് വിഷയങ്ങള്‍ക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന് രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തിലും ജലപീരങ്കി പ്രയോഗത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റു.
നിയമസഭയിലേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. രണ്ട് ജലപീരങ്കികള്‍ ഉപയോഗിച്ച് നടത്തിയ ശക്തമായ പ്രയോഗത്തില്‍ തെറിച്ചുവീണ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പ്രതിഷേധം നിയന്ത്രണാതീതമായതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നിരവധി പ്രവര്‍ത്തകര്‍ ശ്വാസംമുട്ടിയും അസ്വസ്ഥതകള്‍ മൂലവും റോഡില്‍ കുഴഞ്ഞുവീണു. സമരത്തില്‍ പങ്കെടുത്ത ഭിന്നശേഷിക്കാരനായ അജിമോന് കണ്ടാല്ലൂരിന് കണ്ണീര്‍വാതക പ്രയോഗത്തില്‍ ഗുരുതരമായ ശ്വാസതടസ്സം അനുഭവപ്പെട്ടു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട പ്രവര്‍ത്തകരെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
‘സിപിഎമ്മിന്റെ അടവുനയത്തില്‍ വീഴരുത്’; സമരം ഉദ്ഘാടനം ചെയ്ത് മാത്യു കുഴല്നാടന്
പ്രതിഷേധങ്ങള്‍ക്കിടയില്‍ കെപിസിസി വൈസ് പ്രസിഡന്റ് മാത്യു കുഴല്നാടന് എംഎല്‍എ സമരം ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ‘സര്‍ക്കാരിന്റെ അഴിമതിക്കും സ്വര്ണ്ണക്കൊള്ളയ്ക്കുമെതിരെയുള്ള ഈ സമരം കൂടുതല്‍ ശക്തമാക്കും. സാമുദായിക നേതാക്കള്‍ വര്‍ഗീയത പ്രചരിപ്പിക്കാനുള്ള സിപിഎമ്മിന്റെ അടവുനയത്തില്‍ വീണുപോകരുത്.’ – മാത്യു കുഴല്നാടന്
മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ഷാവസ്ഥയ്ക്കും മുദ്രാവാക്യം വിളികള്‍ക്കും ഒടുവിലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും, വരും ദിവസങ്ങളില്‍ സമരം സംസ്ഥാനവ്യാപകമായി ശക്തമാക്കുമെന്ന മുന്നറിയിപ്പ് നല്‍കിയുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടങ്ങിയത്.