പോലീസ്-ഡിവൈഎഫ്ഐ ഗുണ്ടായിസത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്; കമ്മീഷണർ ഓഫീസ് മാർച്ചില്‍ പ്രതിഷേധം ഇരമ്പി

Jaihind Webdesk
Wednesday, November 29, 2023

കോഴിക്കോട്: പോലീസ്-ഡിവൈഎഫ്ഐ ഗുണ്ടായിസത്തിനെതിരെ കോഴിക്കോട് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പോലീസ് നിരവധി തവണ ജലപീരങ്കി കണ്ണീർവാതകവും പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തില്‍ മാർച്ച് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും നടത്തിയ അക്രമങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തിയത്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് വച്ച് മഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു പ്രവർത്തകന്‍റെ കഴുത്തു ഞെരിച്ച പോലീസ് ഡെപ്യൂട്ടി കമ്മീഷണർ കെ.ഇ. ബൈജുവിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്. പിണറായി വിജയനെ ജനങ്ങൾ കഴുത്തിനു പിടിച്ചു പുറത്താക്കുന്ന ദിവസം വരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പ്രവർത്തകന്‍റെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച ഡിസിപിയെ നിയമപരമായി നേരിടും. പിണറായി സർക്കാരിനെ വിചാരണ ചെയ്യാൻ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ എന്നും ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു.

പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പോലീസ് നിരവധി തവണ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാർച്ച് തടഞ്ഞപ്പോൾ അത് മറികടക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ജില്ലയിൽ മുഖ്യമന്ത്രിയുടെ നവകേരളസദസിനോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകരെ വ്യാപകമായി കസ്റ്റഡിയിൽ എടുക്കുകയും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ പ്രതിഷേധിച്ച പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ മാർച്ചില്‍ പ്രതിഷേധം ഇരമ്പി.
സംസ്ഥാനത്ത് വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് യൂത്ത് കോൺഗ്രസിന്‍റെ തീരുമാനം.