താമരശ്ശേരിക്ക് സമീപം അമ്പായത്തോട് മേലെ പള്ളിയില്‍ പോലീസിന്റെ വാഹന പരിശോധനക്കിടെ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി സ്വദേശി മിര്‍ഷാദ് എന്ന മസ്താനാണ് എംഡിഎംഎയുമായി പിടിയിലായത് .ഇരിങ്ങാടം പള്ളി റോഡില്‍ നിന്നാണ് ഇയാളെ കോഴിക്കോട് എക്‌സൈസ് സംഘം പിടികൂടിയത്. രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ വിപണിയില്‍ വില വരുന്ന 58 ഗ്രാം എംഡിഎംഎഇയാളില്‍ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം പൊലിസ് പിടിച്ചപ്പോള്‍ എംഡി എം എ പാക്കറ്റുകള്‍ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് ഇയാള്‍. താമരശ്ശേരി കൊടുവള്ളി മേഖലയില്‍ സ്ഥിരമായി എംഡിഎംഎ വില്‍പ്പന നടത്തുന്ന പ്രധാന കണ്ണിയാണ് മിര്‍ഷാദ്. ഇയാള്‍ വില്‍പ്പന നടത്തിയ എംഡിഎംഎ ആണ് ഷാനിദ് കൊണ്ടുപോവുകയും പോലീസിനെ കണ്ടപ്പോള്‍ വിഴുങ്ങുകയും ചെയ്തതെന്നാണ് എക്‌സൈസ് നല്‍കുന്ന വിവരം.ഷാനിദിന്റെ മരണത്തിനുശേഷം എക്‌സൈസ് മിര്‍ഷാദിനെ നിരീക്ഷിച്ചുവരികയായിരുന്നു അതിനിടയിലാണ് ഇന്ന് കോവൂരില്‍ ഇയാള്‍ എത്തിയിട്ടുണ്ട് എന്ന വിവരം എക്‌സൈസ് സംഘം അറിയുന്നത്. തുടര്‍ന്ന് അവിടെയെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇയാളുടെ പെരുമാറ്റത്തിലുണ്ടായ അസ്വാഭാവികതകളാണ് പൊലീസില്‍ സംശയം ഉണ്ടാക്കിയത്. പരസ്പര വിരുദ്ധങ്ങളായ കാര്യങ്ങളാണ് പൊലീസിനോട് പറയുന്നത്. രാസലഹരിയിലാണിയാള്‍ എന്നും പൊലീസ് സംശയിക്കുന്നു. താമരശ്ശേരിയില്‍ അടിക്കടി ഉണ്ടാവുന്ന ലഹരി ഉപയോഗിച്ചുള്ള കൊലപാതകങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോ എന്ന വിവരവും അന്വേഷിക്കും.വരും ദിവസങ്ങളിലും ലഹരിമരുന്ന് പിടികൂടുന്നതിനുള്ള നീക്കങ്ങള്‍ എക്‌സൈസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.