കോട്ടയത്ത് പെണ്‍കുട്ടിക്കെതിരെ യുവാവിന്‍റെ അതിക്രമം; തടഞ്ഞുവെച്ച നാട്ടുകാർക്കെതിരെ മുളക് സ്പ്രേ പ്രയോഗം; പോലീസെത്തിയത് ഏറെ വൈകി, പ്രതി രക്ഷപ്പെട്ടു

Jaihind Webdesk
Monday, May 27, 2024

 

കോട്ടയം: ചങ്ങനാശേരി നഗരത്തിൽ രാത്രി മാതാപിതാക്കൾക്കൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിക്കു നേരെ യുവാവിന്‍റെ‌‌ അതിക്രമം. ഇന്നലെ രാത്രി 9.15-ന് ചങ്ങനാശേരി നഗരമധ്യത്തിൽ മുനിസിപ്പൽ ആർക്കേഡിനു മുന്നിലാണു സംഭവമുണ്ടായത്. പ്രധാന റോഡിലൂടെ അച്ഛനും അമ്മയ്ക്കുമൊപ്പം നടന്നുപോയ പെൺകുട്ടിയെ യുവാവ് ആക്രമിക്കുകയായിരുന്നു. സമീപത്തെ വ്യാപാരികളും ഓട്ടോഡ്രൈവർമാരും യുവാവിനെ തട‍ഞ്ഞുവെച്ചെങ്കിലും ഈ സമയം റോഡിലൂടെ നടന്നുവന്ന 2 യുവാക്കൾ ആൾക്കൂട്ടത്തിനു നേരെ മുളകു സ്പ്രേ പ്രയോഗിച്ചു. ഈ തക്കത്തിന് അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. നഗര മധ്യത്തിൽ നടന്ന സംഭവം സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും പോലീസെത്തിയില്ലെന്ന് ആക്ഷേപമുണ്ട്. ഒടുവിൽ ഏറെ വൈകി എത്തിയ പോലീസിന് മുളകു സ്പ്രേ പ്രയോഗിച്ചവരെ നാട്ടുകാർ തന്നെ നേരിട്ട് പിടികൂടി കൈമാറി. അതേസമയം പെൺകുട്ടിയെ ആക്രമിച്ച യുവാവിനെ ഇനിയും പിടികൂടാനായില്ല. പിടിയിലായവരുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.