Vaikkom| വൈക്കത്ത് 36 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

Jaihind News Bureau
Friday, August 29, 2025

കോട്ടയം: വൈക്കത്ത് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 36 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. വൈക്കം സ്വദേശിയായ വിഷ്ണു വി. ഗോപാലിനെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. നിരോധിത മയക്കുമരുന്നിനത്തില്‍പ്പെട്ട രാസലഹരിയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

ഓണത്തോട് അനുബന്ധിച്ച് വലിയ അളവില്‍ രാസലഹരി എത്തിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരം കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡ് വിഷ്ണുവിനെ നിരീക്ഷിച്ചു വരികയായിരുന്നു.

ഓഗസ്റ്റ് 27-ന് ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടിലെ അടുക്കളയിലെ ഭിത്തി അലമാരയില്‍ ഒളിപ്പിച്ച നിലയില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ച 36.33 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ ബംഗളൂരുവില്‍ ഉള്‍പ്പെടെ ലഹരി കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.