Honey Trap Case| യുവാക്കള്‍ക്ക് അതിക്രൂര മര്‍ദനം; നഖങ്ങള്‍ പിഴുതെടുത്തു; ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചു: ഹണി ട്രാപ്പ് കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍

Jaihind News Bureau
Sunday, September 14, 2025

പത്തനംതിട്ട: ഹണി ട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയും പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്ത ദമ്പതികള്‍ അറസ്റ്റില്‍. പത്തനംതിട്ട കോഴഞ്ചേരിക്ക് സമീപം ചരല്‍ക്കുന്ന് സ്വദേശികളായ ജയേഷ്, രശ്മി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റാന്നി സ്വദേശിയായ ഒരു യുവാവിനെ ഹണി ട്രാപ്പിലൂടെ വിളിച്ചുവരുത്തിയാണ് ഇവര്‍ ആക്രമിച്ചത്. രശ്മിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതുപോലെ അഭിനയിപ്പിച്ച് വീഡിയോ ചിത്രീകരിച്ചശേഷം ഇരുവരും ചേര്‍ന്ന് യുവാവിനെ അതിക്രൂരമായി മര്‍ദിച്ചു. യുവാവിന്റെ ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലറുകള്‍ അടിക്കുകയും, തലകീഴായി കെട്ടിത്തൂക്കി മര്‍ദിക്കുകയും, വിരലുകളിലെ നഖങ്ങള്‍ പ്ലയര്‍ ഉപയോഗിച്ച് പിഴുതെടുക്കുകയും ചെയ്തു.

മര്‍ദനത്തിന് ശേഷം അവശനിലയിലായ യുവാവിനെ മാരാമണ്ണിലെ റോഡില്‍ ഉപേക്ഷിച്ചു. നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആറന്മുള പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും യുവാവ് ഭയം കാരണം സംഭവം തുറന്നുപറഞ്ഞില്ല. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഹണി ട്രാപ്പ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. ആലപ്പുഴ സ്വദേശിയായ മറ്റൊരു യുവാവിനും സമാനമായ അനുഭവം ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവം കോയിപ്രം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അങ്ങോട്ട് കൈമാറിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതല്‍ യുവാക്കള്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.