പത്തനംതിട്ടയില്‍ യുവാവിന്‍റെ മൃതദേഹം വയലില്‍; ദുരൂഹത

Jaihind Webdesk
Friday, May 21, 2021

പത്തനംതിട്ട നഗരസഭാ പരിധിയില്‍ ആളൊഴിഞ്ഞ വയലിനോട് ചേര്‍ന്ന് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മേലെ വെട്ടിപ്പുറം സ്വദേശി മോടിപ്പടി വീട്ടില്‍ മഹീന്ദ്രനാണ് (37) മരിച്ചത്. സഹോദരിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

വൈകിട്ട് ആറുമണിയോടെയാണ് പത്തനംതിട്ട മേലേ വെട്ടിപ്പുറത്ത് വയലിനോട് ചേര്‍ന്ന് ചതുപ്പ് നിലത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ചെളിയില്‍ കമിഴ്ന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു. സമീപവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ഉടന്‍തന്നെ പത്തനംതിട്ട പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചില്ല. ഈ സമയം വയലിന് സമീപത്തെ റോഡില്‍ കൂടി നടന്നു പോകുകയായിരുന്ന മരിച്ച യുവാവിന്‍റെ സഹോദരി സംശയം തോന്നി നോക്കിയപ്പോഴാണ് തിരിച്ചറിഞ്ഞത്. ഉടുത്തിരുന്ന വസ്ത്രം കണ്ടാണ് തന്‍റെ സഹോദരനാണെന്ന് യുവതിക്ക് സംശയമുണ്ടായത്.

യുവാവ് റേഷന്‍ കടയിലേക്കാണെന്ന് പറഞ്ഞ് 3 ദിവസം മുമ്പ് വീട്ടില്‍ നിന്നിറങ്ങിയതാണെന്നും പിന്നീട് യുവാവിനെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നുവെന്നും സഹോദരി പൊലീസിനെ അറിയിച്ചു. ഇതിനു മുമ്പും സഹോദരന്‍ ദിവസങ്ങളോളം വീട് വിട്ടുപോയിട്ടുണ്ടെന്നും ആഴ്ചകള്‍ കഴിഞ്ഞാണ് വീട്ടിലേക്ക് തിരികെ വന്നിരുന്നതെന്നും ഇക്കാരണത്താലാണ് പരാതി നല്‍കാതിരുന്നതെന്നും സഹോദരി പൊലീസിനെ അറിയിച്ചു. മൃതദേഹം നാളെയോടെ മാത്രമേ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റൂ. യുവാവ് എത്തിയെന്ന് പറയപ്പെടുന്ന റേഷന്‍ കട വയലിനോട് ചേര്‍ന്നാണ്. റേഷന്‍ കടയില്‍ നിന്ന് വയലിലേക്കിറങ്ങാനും വീതി കുറഞ്ഞ വഴിയുണ്ട്. സംഭവത്തില്‍ പത്തനംതിട്ട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ച