8 മാസം പ്രായമുള്ള മകനെ കൊന്ന് യുവാവ് ജീവനൊടുക്കി; കുത്തേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍

Jaihind Webdesk
Friday, September 24, 2021

കണ്ണൂർ : എരുവേശിയിൽ ഭാര്യയെയും എട്ടു മാസം പ്രായമുള്ള മകനെയും വെട്ടി പരിക്കേൽപ്പിച്ച അച്ഛൻ ജീവനൊടുക്കി. ഗുരുതരമായി പരിക്കേറ്റ മകൻ മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയിൽ. എരുവേശി ചുണ്ടക്കുന്നിലെ സതീശൻ ആണ് മകനെയും ഭാര്യയെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്.

ഗുരുതരമായി പരിക്കേറ്റ എട്ട് മാസം പ്രായമുള്ള മകൻ ധ്യാൻ ദേവ് മരിച്ചു. ഭാര്യ അഞ്ജു കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ജുവിന്‍റെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഭാര്യയെയും കുഞ്ഞിനെയും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സതീശൻ സ്വയം കഴുത്ത് മുറിച്ച് മരിക്കുകയായിരുന്നു.

രാവിലെ അമ്മയെ വീട്ടിൽനിന്ന് പുറത്താക്കിയ ശേഷമാണ് സതീശൻ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. ഒന്നരവർഷം മുമ്പാണ് യുവാവ് ഗൾഫിൽനിന്ന് നാട്ടിലെത്തിയത്. മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നയാളാണ് സതീശനെന്ന് നാട്ടുകാർ പറഞ്ഞു.