പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥയില്‍ യുവാവിന് ദാരുണാന്ത്യം; ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍

Jaihind Webdesk
Sunday, June 5, 2022

കൊച്ചി : പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥ മൂലം തൃപ്പൂണിത്തുറയില്‍ ജീവന്‍ പൊലിഞ്ഞ് യുവാവ്. തൃപ്പൂണിത്തുറ സീപോർട്ട് എയർപോർട്ട് റോഡിലെ അന്ധകാര തോടിന് കുറുകെ ഉള്ള പാലത്തില്‍ നിന്ന് ബൈക്ക് മറിഞ്ഞാണ് യുവാവിന്‍റെ ദാരുണാന്ത്യം. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ നാല് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനു വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

എറണാകുളം ജില്ലാ പാലം വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്‍റ് എന്‍ജിനീയര്‍, ഓവര്‍സിയര്‍ എന്നിവരെയാണ് അന്വേഷണവിധേയമമായി സസ്‌പെന്‍ഡ് ചെയ്തത്. സുരക്ഷാ മാനദണ്ഡം പാലിക്കാതെയുള്ള പാലം നിര്‍മാണമാണ് അപകട കാരണം. തൃപ്പുണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുന്ന സ്ഥലത്തെ കുഴിയില്‍ വീണാണ് ബൈക്ക് യാത്രക്കാരായ വിഷ്ണുവിനും ആദർശിനും പരിക്കേറ്റത്. ഇതില്‍ വിഷ്ണുവാണ് മരണത്തിന് കീഴടങ്ങിയത്. സുഹൃത്ത് ആദർശിന്‍റെ  പരിക്ക് ഗുരുതരമായി തുടരുകയാണ്. ആറ് മാസത്തിലധികമായി പണി തുടർന്നിരുന്ന പാലത്തിൽ നിർമ്മാണ സൂചകങ്ങളായി സ്ഥാപിച്ചിരുന്നത് രണ്ട് വീപ്പകൾ മാത്രമായിരുന്നു. ഇതും കഴിഞ്ഞ ദിവസം രാത്രി പണി നടന്നിരുന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതാണ് പുതിയകാവിൽ നിന്ന് എത്തിയ ബൈക്ക് യാത്രികർ നേരെ പാലത്തിൽ നിന്ന് വീഴാന്‍ കാരണമായത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പാലം പൊളിച്ചു പണിയുന്നതെന്ന് ആരോപിച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ബൈക്ക് യാത്രികനായ യുവാവ് മരിച്ചതില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും  കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തടിയൂരി. തൃപ്പൂണിത്തുറ സ്വദേശിയായ കരാറുകാരന്‍റെ വീഴ്ച ബോധ്യമായതോടെ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തിട്ടുണ്ട്. അശ്രദ്ധ കാരണം ഉണ്ടായ മരണത്തിനാണ് കേസെടുത്തത്. ഏരൂർ സ്വദേശിയായ വിഷ്ണു കൊച്ചി ബിപിസിഎല്ലിൽ കരാർ ജീവനക്കാരനായിരുന്നു. സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് മടങ്ങും വഴിയായിരുന്നു അപകടം.