“56 ഇഞ്ച് നെഞ്ചളവിനെക്കുറിച്ച് ആത്മപ്രശംസ നടത്തുന്ന മോദിയുടെ ഹൃദയം എവിടെ” പരിഹസിച്ച് പ്രിയങ്ക

Jaihind Webdesk
Friday, May 17, 2019

പ്രധാനമന്ത്രിയ്ക്കെതിരെ ആഞ്ഞടിച്ചും പരിഹസിച്ചും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 56 ഇഞ്ച് നെഞ്ചളവിനെക്കുറിച്ച് പറഞ്ഞ് എപ്പോഴും ആത്മപ്രശംസ നടത്തുന്ന മോദിയുടെ ഹൃദയം എവിടെയാണെന്ന് പ്രിയങ്ക ചോദിക്കുന്നു. ദേശീയതയെക്കുറിച്ച് പറഞ്ഞാല്‍ പ്രധാനമന്ത്രി പാകിസ്ഥാനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നതെന്നും. മോദിയെ സംബന്ധിച്ച് ദേശീയത എന്നാല്‍ പാകിസ്ഥാന് എതിരെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് മാത്രമാണ്. രാജ്യത്തെ തൊഴിലില്ലായ്മയോ കര്‍ഷകരുടെ പ്രശ്നങ്ങളോ അദ്ദേഹത്തിന് ദേശീയത അല്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

2014ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആയിരുന്നു മോദിയുടെ “56 ഇഞ്ച്” പ്രസംഗം. കഴിഞ്ഞ 5 വര്‍ഷമായി മോദി ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹം സ്വന്തം രാജ്യത്തെ കര്‍ഷകരെ സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

അതേസമയം, കോണ്‍ഗ്രസ് രാജ്യത്തെ ആകെ ജനസംഖ്യയിലെ പാവപ്പെട്ട 20 ശതമാനം ആളുകള്‍ക്കും പ്രതിവര്‍ഷം 72,000 രൂപ നല്‍കാനുള്ള “ന്യൂനതം ആയ് യോജന” എന്ന ന്യായ് പദ്ധതി നടപ്പിലാക്കുകയാണ് എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

മെയ് 19ന് ഏഴാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ്. 23നാണ് വോട്ടെണ്ണല്‍[yop_poll id=2]