പശുക്കളെ സംരക്ഷിക്കാന്‍ യോഗി പൊതുജനങ്ങളില്‍ നിന്ന് സെസ് പിരിക്കും

ലക്‌നോ: ഉത്തര്‍ പ്രദേശിലെ തെരുവുകളില്‍ അലയുന്ന പശുക്കള്‍ക്ക് സംസ്ഥാനത്ത് ഉടനീളം ഗോശാലകള്‍ നിര്‍മ്മിക്കാനായി ‘പശു ക്ഷേമ’ സെസ് രൂപത്തില്‍ പൊതുജനത്തില്‍ നിന്നും പണം പിരിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ശ്രമം. മദ്യം ഉള്‍പ്പെടെ എക്‌സൈസ് ഇനത്തില്‍ 0.5 ശതമാനം സെസ് ഏര്‍പ്പെടുത്താനാണ് നീക്കം.

തെരുവ് പശു സംരക്ഷണത്തിനായി നിര്‍ദേശങ്ങളവതരിപ്പിക്കാന്‍ പുതിയ സമിതി രൂപീകരിക്കാനും ഒരാഴ്ചയ്ക്കകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ചീഫ് സെക്രട്ടറി അനുപ് ഛണ്ഡ പാണ്ഡെയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചുമതലപ്പെടുത്തി. ജില്ലാ പരിഷത് തലങ്ങളില്‍ 750 ഗോശാലകള്‍ നിര്‍മ്മിക്കണമെന്നും ഇവയ്ക്ക് കൃത്യമായ സൗകര്യമൊരുക്കണമെന്നും യോഗി നിര്‍ദേശിച്ചിട്ടുണ്ട്.

16 മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ഓരോന്നിനും തെരുവ് പശു സംരക്ഷണത്തിനായി 10 കോടി അനുവദിച്ചിട്ടുണ്ടെന്നും ജില്ലകള്‍ക്കായി പുതിയ ഗോശാലകള്‍ നിര്‍മ്മിക്കുന്നതിനായി 1.2 കോടി വീതം നല്‍കിയിട്ടുണ്ടെന്നും യോഗി ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു.
അതേസമയം നിലവില്‍ പ്രവര്‍ത്തന രഹിതമായ ധാരാളം ഗോശാലകള്‍ സംസ്ഥാനത്തുണ്ടെന്നും അത് ഉപയോഗിച്ചിട്ട് മതി രാഷ്ട്രീയ മൈലേജുണ്ടാക്കാന്‍ പുതിയതിന് ഉത്തരവിടുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ദ്വിജേന്ദ്ര തിപ്രാഠി പറഞ്ഞു. പശുസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലരുതെന്നും ത്രിപാഠി പറഞ്ഞു.

പശു സംരക്ഷത്തിന്റെ പേരില്‍ ധാരാളം ഗോശാലകള്‍ നിര്‍മിച്ചിട്ടും പശുക്കള്‍ തെരുവില്‍ അലയുന്നത് യോഗി സര്‍ക്കാരിന് തലവേദയാവുന്നുണ്ട്.
പടിഞ്ഞാറന്‍ യു.പിയിലുടനീളം സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പശു രക്ഷ മുദ്രാവാക്യം ഉയര്‍ത്തുന്ന യോഗി സര്‍ക്കാരിന്റെ സംസ്ഥാനത്ത് തെരുവില്‍ അലയുന്ന പശുക്കള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം ശക്തമായത്.തെരുവ് പശുക്കള്‍ വിളകള്‍ നശിപ്പിക്കുന്നുവെന്നും റോഡപകടങ്ങള്‍ക്ക് കാരണമാവുന്നുവെന്നും ചില ബി.ജെ.പി എം.എല്‍.എമാര്‍ തന്നെ വിമര്‍ശനം ഉന്നയിച്ചു.
ഇതോടെയാണ് പശു സംരക്ഷണത്തിന്റെ പേരില്‍ കൂടുതല്‍ പദ്ധതികളുമായി യോഗി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് പശുവിന്റെ പേരില്‍ ജനങ്ങളെ പിഴിയുന്ന നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്. ആഗ്ര-ലക്‌ന എക്‌സ്പ്രസ് ഹൈവേ തുടങ്ങിയ പ്രധാന ഗവണ്‍മെന്റ് ഏജന്‍സികളുടെ ടോള്‍ ബൂത്തുകളിലും സെസ്സ് ചാര്‍ജ് ഈടാക്കാനാണ് തീരുമാനം.
അതേസമയം പശു സംരക്ഷണത്തിന്റെ പേരില്‍ ശേഖരിക്കുന്ന പുതിയ സെസിലൂടെ ഗവണ്‍മെന്റിന് സ്വരൂപിക്കുന്ന പണത്തെ സംബന്ധിച്ച് യാതൊരു കണക്കും നിര്‍ദേശത്തിലില്ല. എന്നാല്‍ സംസ്ഥാനത്തെ പശു സംരക്ഷണം ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നു്. ഗോശാലകള്‍ക്കായി ഇതിനു പുറമെ 100 കോടി രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് സംരക്ഷണമൊരുക്കുന്നതിന് വേണ്ടി അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
പുതിയ ഗോശാലകള്‍ നിര്‍മിക്കാന്‍ സമിതികള്‍ക്കു രൂപം നല്‍കണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ യോഗി ആവശ്യപ്പെട്ടു. പശുക്കള്‍ പുല്ല് മേയുന്ന സ്ഥലങ്ങളിലെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും യോഗി നിര്‍ദേശിച്ചിട്ടുണ്ട്.

Comments (0)
Add Comment