കാസർകോട് ജില്ലക്കായി കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ജില്ലയ്ക്കനുവദിച്ച സ്വപ്ന പദ്ധതി ഏഴ് വർഷത്തിന് ശേഷം യാഥാർഥ്യമാകുന്നു. ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജ് ഇന്ന് ആരവങ്ങളില്ലാതെ കൊവിഡ് ആശുപത്രിയായി തുറക്കും.
2013 നവമ്പർ 30 ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് യു.ഡി.എഫ്.സർക്കാർ ജില്ലയ്ക്കനുവദിച്ച മെഡിക്കൽ കോളജിന് ശിലയിട്ടത്. അന്നത്തെ ആരോഗ്യ മന്ത്രി വി.എസ്.ശിവകുമാർ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ ഒരു കോടി രൂപയും അനുവദിച്ചു. പിന്നീട് നബാർഡിൽ നിന്ന് 68 കോടി രൂപയും കാസർകോട് വികസന പാക്കേജിൽ നിന്ന് 35 കോടി രൂപയും അനുവദിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ പകുതിയായപ്പോൾ ഇടത് സർക്കാർ അധികാരത്തിലെത്തി. പിന്നീട് മെഡിക്കൽ കോളജ് നിർമാണം ചുവപ്പ് നാടയിൽ കുടുങ്ങുകയായിരുന്നു.
ആക്ഷൻ കമ്മിറ്റിയും ജനപ്രതിനിധികളും മെഡിക്കൽ കോളജ് നിർമാണം പൂർത്തികരിക്കണമെന്നാവശ്യപ്പെട്ട് നിരന്തര സമരങ്ങളിൽ ഏർപ്പെട്ടതോടെ പുതിയൊരു ബ്ലോക്കിന് മുഖ്യമന്ത്രി പിണറായി വിജയൻ ആറ് മാസം മുൻപ് ശിലാസ്ഥാപനം നടത്തി. പൂർത്തിയായ പുതിയ ബ്ലോക്കിലാണ് കൊറോണ രോഗബാധിതർക്കായി ഐസൊലേഷൻ വാർഡടക്കം ഒരുക്കിയിട്ടുള്ളത്.
2013 നവമ്പർ 30 ന് മെഡിക്കൽ കോളജിന്റെ ശിലാസ്ഥാപനം നിർവഹിക്കാൻ ഉമ്മൻ ചാണ്ടി എത്തിയപ്പോൾ ഡി വൈ എഫ് ഐ പ്രവർത്തകർ അദ്ദേഹത്തെ തടയാൻ ശ്രമിക്കുകയും. എൽ.ഡി.എഫ് തറക്കല്ലിടൽ ചടങ്ങ് ബഹിഷ്ക്കരിക്കുകയും ചെയ്തിരുന്നു. കാസർകോട് മെഡിക്കൽ കോളജ് ഉക്കിനടുക്കയിൽ വേണ്ടെന്ന നിലപാടായിരുന്നു എൽ.ഡി.എഫ്. സ്വീകരിച്ചിരുന്നത്. തലപ്പാടി അതിർത്തി കർണാടക അടച്ചതോടെ വിദഗ്ദ്ധ ചികിത്സ കിട്ടാതെ ഇതിനകം 9 പേർ മരണപ്പെട്ട സാഹചര്യത്തിൽ അതിർത്തി മേഖലയിൽ പ്രതീക്ഷയുടെ നാമ്പായി ഇന്ന് മെഡിക്കൽ കോളജ് തുറക്കുകയാണ്. ഈ മെഡിക്കല് കോളേജ് പ്രവർത്തനം തുടങ്ങുമ്പോൾ ഇതിന് വേണ്ടി ഏറെ പരിശ്രമിച്ച ജന പ്രതിനിധിയായിരുന്നു അന്തരിച്ച ബി.അബ്ദുൽ റസാഖ് എം.എൽ.എയെയും നാട്ടുകാർ സ്നേഹത്തോടെ സ്മരിക്കുന്നു.