തിരുവനന്തപുരം: സംസ്ഥാനത്ത തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ഇന്ന് തീവ്ര മഴ പെയ്യുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴ പെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. നാളെ 7 ജില്ലകളിൽ ഓറഞ്ച് അലെർട്ടാണ്. ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
പാലക്കാട് മലമ്പുഴ അണക്കെട്ട് തുറന്നു. 4 ഷട്ടറുകൾ 10 സെന്റിമീറ്ററുകൾ വീതമാണ് ഉയർത്തിയത്. ജല നിരപ്പ് ക്രമീകരിക്കാനാണ് ഷട്ടറുകൾ ഉയർത്തിയത്. കൽപാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അരുവിക്കര, പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.
കൊച്ചി എംജി റോഡിലടക്കമുള്ള വെള്ളക്കെട്ടുകൾ കുറഞ്ഞെങ്കിലും വീടുകളിലെയും കടകളിലെയും വെള്ളം പൂർണ്ണമായി ഇറങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം കയറി കടകളിലെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ നശിച്ചിരുന്നു. ഇതോടെ ഓണവിപണിയിൽ പ്രതീക്ഷ അർപ്പിച്ച വ്യാപാരികളെല്ലാം നിരാശയിലാണ്.