സംസ്ഥാനത്ത് കാലവർഷം എത്തി; മഴക്കെടുതി രൂക്ഷം, 14 ജില്ലകളിലും യെല്ലോ അലർട്ട്, രണ്ട് മരണം

Jaihind Webdesk
Thursday, May 30, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷമെത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  കേരളത്തിൽ ഏഴ് ദിവസം വരെ വ്യാപകമായി ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യത. അതേസമയം 14 ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.  ജൂൺ 2 വരെ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കനത്ത മഴയില്‍ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുകയാണ്. ചേർത്തലയിൽ വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു. ചേർത്തല പള്ളിപ്പുറത്ത്  ഇടത്തട്ടിൽ അശോകനാണ്(65) മരിച്ചത്.  റോഡിനോട് ചേർന്ന് പാടശേഖരത്തിൽ വീണാണ് അപകടം. കോട്ടയത്ത് തിരുവാർപ്പിലും അപകടം ഉണ്ടായി.   യാത്രക്കാരെ ഇറക്കിയതിന് പിന്നാലെ തിരികെ പോകും വഴി ഓട്ടോ തോട്ടിലേക്ക് മറിഞ്ഞായിരുന്നു അപകടം. ഓട്ടോ ഡ്രൈവറെ അതി സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും ഓട്ടോ പൂർണമായും വെള്ളത്തിനടിയിലായി.  ഇന്നലെ രാത്രി നടത്തിയ തിരച്ചിലിൽ ഓട്ടോ കണ്ടെത്താനായില്ല. പ്രതികൂല കാലാവസ്ഥയും രാത്രിയിലെ ഇരുട്ടും കാരണം തിരച്ചിൽ അവസാനിപ്പിച്ചു. അതേസമയം ഒഴുക്കിൽപ്പെട്ട് ഓട്ടോ കാണാതായതാകും എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ നടത്തിയ തിരിച്ചിലിലും ഇതുവരെ ഓട്ടോ കണ്ടെത്താനായില്ലെന്നാണ് വിവരം.