ചൊവ്വാഴ്ച വരെ മഴ തുടരും; പത്ത് ജില്ലകളില്‍ യെല്ലോ അലർട്ട്

Jaihind Webdesk
Friday, October 22, 2021

 

തിരുവനന്തപുരം : തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഇടിമിന്നലിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്. അതേസമയം ഒരിടത്തും ഓറഞ്ച് അലർട്ടില്ല.

നിലവില്‍ തമിഴ്നാടിന്‍റെ തെക്കേ അറ്റമായ കോമോരിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയില്‍ നിന്ന് മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ഒരു ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെ സ്വാധീനത്തില്‍  26 വരെ കേരളത്തില്‍ മഴ ലഭിക്കുമെന്നാണ് വിവരം.

26 ന് തുലാവര്‍ഷം ആരംഭിച്ചേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പീച്ചി, കക്കി, ഷോളയാര്‍, പൊന്മുടി, പെരിങ്ങല്‍ക്കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചിമ്മിണി, ചുള്ളിയാര്‍, മലമ്പുഴ, മംഗലം, മീങ്കര, മാട്ടുപ്പെട്ടി, ഇടുക്കി അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ടാണുള്ളത്. ഇടുക്കി അണക്കെട്ടിലെ നീരൊഴുക്ക് കുറഞ്ഞില്ലെങ്കിലും മഴയുടെ ശക്തി കുറഞ്ഞ പശ്ചാത്തലത്തില്‍ റെഡ് അലർട്ട് പിന്‍വലിച്ചിട്ടുണ്ട്.

അതേസമയം മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 50 ആയി. 435 ദുരിതാശ്വാസ ക്യാമ്പുകളിലായി 8,655 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്.