‘പിണറായി പറഞ്ഞത് പാർട്ടി ലൈനല്ല’; കെ റെയിലില്‍ മുഖ്യമന്ത്രിയെയും കേരള നേതാക്കളെയും തള്ളി യെച്ചൂരി

Jaihind Webdesk
Thursday, April 7, 2022

 

കണ്ണൂർ: കെ റെയിലിൽ മുഖ്യമന്ത്രിയെയും കേരള നേതാക്കളെയും തള്ളി സീതാറാം യെച്ചൂരി. കെ റെയിൽ പിണറായി വിജയൻ പറഞ്ഞത് പാർട്ടി ലൈനല്ല. സ്വാഗത സംഘം ചെയർമാൻ എന്ന നിലയിലുള്ള സ്വാഗത പ്രസംഗം മാത്രമാണ് നടത്തിയത്. കോൺഗ്രസുമായുള്ള സഖ്യത്തിലും പാർട്ടി കേരള ഘടകത്തെ യെച്ചൂരി തള്ളി. കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

പാർട്ടി കോൺഗ്രസിനിടെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടി നിലപാട് വിശദീകരിച്ചത്. കെ റെയിൽ പദ്ധതി സിപിഎമ്മിൽ ചർച്ച ചെയ്തിട്ടില്ല. സംസ്ഥാന സർക്കാർ പദ്ധതികൾ പാർട്ടിയിൽ ചർച്ച ചെയ്യാറില്ല. പിണറായി വിജയൻ പറഞ്ഞത് പാർട്ടി ലൈനല്ലെന്നും സ്വാഗത സംഘം ചെയർമാൻ എന്ന നിലയിലുള്ള സ്വാഗത പ്രസംഗം മാത്രമാണ് നടത്തിയതെന്നും യെച്ചൂരി പറഞ്ഞു.

കെ റെയിലുമായി ബന്ധപ്പെട് അഭിപ്രായ ഭിന്നതകളില്ല. സർവേ പുരോഗമിക്കുകയാണ് അതുകഴിഞ്ഞാൽ കാര്യങ്ങളിൽ വ്യക്തത വരും. ബിജെപിക്കെതിരായി ഒന്നിക്കുക എന്നതാണ് കാലഘട്ടത്തിന്‍റെ ആവശ്യം. കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. 2024 തെരഞ്ഞെടുപ്പിന് മുമ്പ് ഒരു സഖ്യവും ഉണ്ടാക്കില്ല. ഒരിക്കലും തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു. ബിജെപിക്കെതിരായ വോട്ടുകൾ ഏകീകരിക്കുകയാണ് ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു. കെ റെയിൽ വിഷയത്തിൽ കേരള നേതാക്കളും ദേശീയ നേതൃത്വവും തമ്മിലുള്ള ഭിന്നതയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്.