സ്വര്‍ണ്ണക്കടത്ത് : നിസ്സഹായതയ്ക്കിടയിലും സംസ്ഥാന ഘടകത്തോടുള്ള അതൃപ്തിയും വിയോജിപ്പും രേഖപ്പെടുത്തി യെച്ചൂരി

സ്വര്‍ണ്ണക്കടത്ത് കേസില്‍ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയ ബംഗാള്‍ ഘടകത്തെ തള്ളാതെയും സമ്മര്‍ദ്ദം ശക്തമാക്കിയ കേരള ഘടകത്തെ പൂര്‍ണ്ണമായും കൊള്ളാതെയുമുള്ളതാണ് ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നില്ലെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന. മുഖ്യമന്ത്രി പിണറായി വിജയനും കേരള ഘടകവും നല്‍കിയ വിശദീകരണവും, മുന്നോട്ട് വച്ച വാദങ്ങളും പൂര്‍ണ്ണമായും തൃപ്തികരമല്ലെന്ന സൂചനയും ഇതിലൂടെ യെച്ചൂരി നല്‍കി. അതേസമയം, സംസ്ഥാന ഘടകത്തിന്‍റെ എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന സിദ്ധാന്തമെന്ന ആരോപണം പിണറായി പക്ഷത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി യെച്ചുരി ആവര്‍ത്തിക്കുകയും ചെയ്തു.

സ്വര്‍ണ്ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധവും എന്‍.ഐ.എ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചോദ്യം ചെയ്തതും അടക്കമുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ വളരെ പ്രധാന്യത്തോടെയാണ് നല്‍കിയത്. ഇത് പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ കടുത്ത നാണക്കേടുണ്ടാക്കിയെന്ന് പോളിറ്റ്ബ്യൂറോ അംഗങ്ങളില്‍ പലരും തുറന്ന് സമ്മതിക്കുന്നു. ബംഗാളിലും ത്രിപുരയിലും എതിര്‍ പാര്‍ട്ടികള്‍ കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് സി.പി.എമ്മിനെതിരെ പ്രചരണ ആയുധമാക്കുന്നുവെന്ന പരാതിയാണ് ഇരുസംസ്ഥാനങ്ങളിലേയും നേതാക്കള്‍ കേന്ദ്രകമ്മിറ്റിയില്‍ ഉയര്‍ത്തിയ വിമര്‍ശനം. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്താരാഷ്ട്ര കള്ളക്കടത്തുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയരുന്നത്. കണ്‍സള്‍ട്ടന്‍സി കരാറുകളിലടക്കം പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തില്‍ നിന്നുള്ള വ്യതിചലനം കേരളത്തിലെ സര്‍ക്കാരില്‍ നിന്നുണ്ടായി എന്ന വിമര്‍ശനവും ഇവര്‍ ഉയര്‍ത്തി. അതേസമയം സര്‍ക്കാരിന് സ്വര്‍ണ്ണക്കടത്ത് കേസില്‍ നേരിട്ട് ഒരു ബന്ധവുമില്ലെന്നതായിരുന്നു പിണറായി പക്ഷത്തിന്‍റെ ന്യായീകരണം. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണമെന്ന വാദവും പിണറായി പക്ഷം ഉയര്‍ത്തി. എന്നാല്‍ ഇതടക്കം മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന ഘടകവും നല്‍കിയ വിശദീകരണം തൃപ്തികരമല്ല എന്ന് വ്യക്തമാക്കുന്നതാണ് ‘ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല’ എന്ന സീതാറാം യെച്ചൂരിയുടെ പ്രതികരണം.

പിണറായി പക്ഷത്തെ പൂര്‍ണ്ണമായും തള്ളി, ധാര്‍മ്മികത ഉയര്‍ത്തി പിടിച്ച് ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയാത്ത നിസ്സഹായവസ്ഥയിലാണ് സീതാറാം യെച്ചൂരി. കാരണം പി.ബിയിലും കേന്ദ്രകമ്മിറ്റിയിലും പിണറായി പക്ഷത്തിനാണ് ഭൂരിപക്ഷം. മാത്രമല്ല കേരളമാണ് പാര്‍ട്ടി അധികാരത്തിലുള്ള ഏക സംസ്ഥാനം. പാര്‍ട്ടിയുടെ പ്രധാന വരുമാന സ്രോതസും കേരളമാണ്. അതുകൊണ്ടുതന്നെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ വ്യക്തമാണെങ്കിലും പിണറായി വിജയനെ പൂര്‍ണ്ണമായും തള്ളിപ്പറയാന്‍ സി.പി.എം പോളിറ്റ്ബ്യൂറോയ്ക്കോ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കോ കഴിയില്ല. അതേസമയം, ദേശീയ നേതൃത്വത്തെ വകവയ്ക്കാതെയുള്ള കേരളത്തിലെ പിണറായി പക്ഷത്തിന്‍റെ ഏകപക്ഷീയമായ പോക്കില്‍ യെച്ചൂരിക്ക് ശക്തമായ അതൃപ്തിയും അമര്‍ഷവുമുണ്ട്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയില്‍ പ്രകാശ് കാരാട്ടിനൊപ്പം നിലകൊണ്ട പിണറായി വിജയന്‍ ദേശീതലത്തിലെ പ്രഖ്യാപിത യെച്ചൂരി വിരുദ്ധ പക്ഷക്കാരനാണ്. ഇക്കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍, യെച്ചൂരി വീണ്ടും ജനറല്‍ സെക്രട്ടറിയാകാതിരിക്കാന്‍, പിണറായി പക്ഷം തുടക്കത്തില്‍ ചരടുകള്‍ വലിച്ചു നോക്കിയെങ്കിലും പിന്നീട് ബംഗാള്‍ ഘടകം ശക്തമായ നിലപാടെടുത്തതോടെ അനുനയത്തിന്‍റെ പാതയിലേക്ക് മാറുകയായിരുന്നു. ബംഗാള്‍ ഘടകം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിക്കപ്പിക്കണമെന്ന ആവശ്യം രണ്ട് തവണ ഉയര്‍ത്തിയപ്പോഴും അതിന് തടയിട്ടതും പിണറായിയും കേരള ഘടകവുമാണ്. ഇതടക്കമുള്ള കാര്യങ്ങളിലുള്ള ശക്തമായ നീരസം സീതാറാം യെച്ചൂരിക്കുണ്ട്. നിസ്സഹായനാണെങ്കിലും ഈ അതൃപ്തി ഭാഗികമായി പ്രകടപ്പിച്ചിരിക്കുകയാണ് ‘ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നില്ല’ എന്ന പ്രസ്താവനയിലൂടെ യെച്ചൂരി. അതേസമയം പി.ബിയിലേയും കേന്ദ്രകമ്മിറ്റിയിലേയും ഭൂരിപക്ഷത്തിന്‍റെ ബലത്തില്‍ ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തിയ പിണറായി പക്ഷത്തെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള യു.ഡി.എഫ്-ബി.ജെ.പി ഗൂഢാലോചനയാണ് സ്വര്‍ണ്ണക്കടത്ത് വിവാദത്തിന് പിന്നില്‍ എന്ന സംസ്ഥാന ഘടകത്തിന്‍റെ ആരോപണം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

https://youtu.be/ZKohAOxx-D0

Comments (0)
Add Comment